ഇരട്ടി: മരിച്ച യുവാവിനെ അനുഭാവിയാക്കാനായി സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ മരണവീട്ടില്‍ കൂട്ടത്തല്ല്.ഒടുവില്‍ മൃതദേഹം ഒരു വിഭാഗത്തിന്റെ പക്ഷത്തേക്കായപ്പോള്‍ ശ്മശാനവും സംഘര്‍ഷഭരിതവുമായി. നാലു പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് പോലീസ് എത്തി കാവല്‍ നിന്നാണ് ഒടുവില്‍ ചിതയ്ക്ക് തീ കൊളുത്തിയത്. മൃതദേഹം കത്തി തീരുന്നതു വരെ പോലീസിന് കാവല്‍ നില്‍ക്കേണ്ടിയും വന്നു. കുയിലൂരിലെ ചന്ത്രോത്ത് വീട്ടില്‍ എന്‍.വി. പ്രജിത്താ(40)ണ് ഞായറാഴ്ച്ച മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം തിരുവനന്തപുരത്തുള്ള സഹോദരന്‍ വരുന്നതിനായി വൈകിട്ട് ഏഴുവരെ പൊതുദര്‍ശനത്തിന് വെച്ചു. സഹോദരനെത്തി മൃതദേഹം ദഹിപ്പിക്കാനെടുക്കുന്നതിനിടയിലാണ് സംഘര്‍ഷത്തിന് തുടക്കമാകുന്നത്.
മുമ്ബ് ബി.ജെ.പി. ബൂത്ത് പ്രസിഡന്റായിരുന്നു പ്രജിത്ത്. എന്നാല്‍, പ്രജിത്തിന്റെ വീട്ടുകാര്‍ സി.പി.എം. അനുഭാവികളാണ്. മൃതദേഹം സംസ്‌കരിക്കാനെടുക്കവെ പ്രജിത്തിന്റെ സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ശാന്തിമന്ത്രം ചൊല്ലുമ്പോള്‍ സി.പി.എം. പ്രവര്‍ത്തകര്‍ മൃതദേഹത്തിനായി പിടിവലി നടത്തുകയായിരുന്നു. പിന്നീട് ചിതയിലേക്കെടുത്ത മൃതദേഹത്തിന് ചുറ്റും ഇരുവിഭാഗവും സംസ്‌കരിക്കാനെടുത്ത വിറകുമായി പോര്‍വിളിയും ഉന്തും തള്ളും മര്‍ദ്ദനവുമായി.ഇതിനിടെ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലു പോലീസ് സ്‌റ്റേഷനുകളില്‍ നിന്നായെത്തിയ പോലീസ് സംഘത്തിന്റെ കാവലില്‍ ഒടുവില്‍ സംസ്‌കാരം നടത്തുകയായിരുന്നു.