തിരുവനന്തപുരം : പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് അടിയന്തരമായി നിക്ഷേപം സ്വീകരിച്ച് കരുവന്നൂര്‍ സഹകരണ ബാങ്കിലേക്ക് പണമെത്തിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളുമായി സിപിഎമ്മും സര്‍ക്കാരും. അറുപത് ശതമാനം സംഘങ്ങളിലും ഇടതുഭരണം നിലനിൽക്കെ പ്രശ്നത്തിൽ രാഷ്ട്രീയ ഇടപെടലാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ പാക്കേജിലേക്ക് കേരള ബാങ്കിന്‍റെ കരുതൽ ധനത്തിൽ നിന്ന് വായ്പ ലഭ്യമാക്കാന്‍ സാങ്കേതിക കടമ്പകളേറെയാണ്. ഇതേ തുടര്‍ന്നാണ് ബദൽ നീക്കം. കരുവന്നൂരിൽ ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന തിരിച്ചറിവിലാണ് സിപിഎം നേതൃത്വം.
കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങൾക്ക് അടിയന്തിരമായി കണ്ടെത്തേണ്ട പണം സഹകരണ സംഘങ്ങളിൽ നിന്ന് നിക്ഷേപമായി എത്തിക്കാനാണ് ശ്രമം നടക്കുന്നത്. അതാത് ഭരണ സമിതികളോട് സഹകരണ മന്ത്രി നേരിട്ട് ചര്‍ച്ചകൾ നടത്തുന്നുണ്ട്. സഹകരണ കൺസോര്‍ഷ്യത്തിൽ നിന്ന് പണം സമാഹരിക്കാൻ നേരത്തെ നടത്തിയ നീക്കം സര്‍ക്കാര്‍ ഗ്യാരണ്ടിയുടെ പേരിൽ അലസിപ്പിരിഞ്ഞിരുന്നു. ഭരണ സമിതികളിൽ രാഷ്ട്രീയ സ്വാധീനം ചെലുത്തി നിക്ഷേപത്തിന് പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോൾ. സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് കേരള ബാങ്കിന്‍റെ കരുതൽ ധനത്തിൽ നിന്ന് പണമെത്തിയാലുടൻ നിക്ഷേപം പിൻവലിക്കാമെന്ന വ്യവസ്ഥ മുൻനിര്‍ത്തി കൂടിയാണ് ചര്‍ച്ച.