തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടികയിൽ പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കാന്‍ സിപിഎം നേതൃതലത്തില്‍ ധാരണ. രണ്ട് തവണ ജയിച്ചവരെ പരമാവധി മാറ്റി നിര്‍ത്തുമെങ്കിലും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ സിറ്റിംങ് എംഎല്‍എമാര്‍ക്ക് ഇളവ് നല്‍കും. നിലവിലെ മന്ത്രിമാരില്‍ മിക്കവരും വീണ്ടും മത്സരരംഗത്ത് ഉണ്ടാകും.
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളില്‍ കാര്യങ്ങള്‍ വ്യക്തമാണ്. യുവാക്കള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയുള്ള സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കും സിപിഎം തയ്യാറാക്കുക. രണ്ട് തവണ മത്സരിച്ച് ജയിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. പക്ഷെ ഇക്കാര്യത്തില്‍ ചില ഇളവുകള്‍ ഉണ്ടാകും. മണ്ഡലം നിലനിർത്താൻ മറ്റാരെ പരീക്ഷിച്ചാലും കഴിയില്ല എന്ന് സി പി ഐ എമ്മിന് ഉറപ്പുള്ളവര്‍ക്കും മന്ത്രിമാര്‍ക്കും ഭരണം വന്നാല്‍ മന്ത്രിമാരാക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നവര്‍ക്കുമായിരിക്കും ഇളവ് നല്‍കുക. 27 ന് ചേരുന്ന ഇടത് മുന്നണി യോഗത്തിന് പിന്നാലെ സീറ്റ് വിഭജനചര്‍ച്ചകള്‍ തുടങ്ങും. അടുത്ത മാസം ആദ്യം ചേരുന്ന സിപിഎം സിപിഐ സംസ്ഥാനനേതൃയോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി മാനദണ്ഡചര്‍ച്ചകള്‍ തീരുമാനിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആരംഭിക്കും.