ഇടുക്കി: ഖജനാപ്പാറയിൽ സിപിഎം തടഞ്ഞ കോൺഗ്രസ് പ്രവർത്തകന്റെ വീട് നിർമാണം തുടരാൻ ഹൈക്കോടതിയുടെ അനുമതി. കോൺഗ്രസ് പ്രവർത്തകനായ മുരുകനാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ വീട് നിർമാണം പുനരാരംഭിച്ചു.മുരുകന്റെ വീട് നിർമാണം കാരണം സമീപത്തെ കോൺക്രീറ്റ് നടവഴി വീതി കുറഞ്ഞുവെന്ന് ആരോപിച്ചാണ് നിർമാണത്തിനെതിരെ സി പി എം ഖജനാ പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.രവി ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നത്. ഇതിനെ തുടർന്ന് നിർമാണം നിലച്ച അവസ്ഥയിലായിരുന്നു. പിന്നാലെ മുരുകൻ നടത്തിയ നിയമ പോരാട്ടമാണ് വിജയം കണ്ടത്.
നിർമാണം തുടരാൻ അനുമതി നൽകിയ കോടതി പോലീസ് സുരക്ഷ നൽകണമെന്നും ഉത്തരവിട്ടു. പഞ്ചായത്തിൽ നിന്ന് നർമാണാനുമതി ലഭിച്ചതായുള്ള രേഖയുള്ളതാണ് മുരുകന് അനുകൂലമായത്. ജൂൺ 15 നാണ് സി പി എം പ്രാദേശിക നേതാക്കൾ വീട് നിർമാണം തടഞ്ഞത്. ഇതിനെ തുടർന്ന് ലോക്കൽ സെക്രട്ടറി പി.രവി നിർമാണത്തിന് വന്ന അതിഥി തൊഴിലാളികളെ പലക കൊണ്ട് അടിക്കുകയും വലിയ സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തിരുന്നു.