ആലുവ : ബ്രാഞ്ച് സമ്മേളനത്തില്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായതിനെ തുടർന്ന് സമ്മേളനം പാതിവഴിയില്‍ അവസാനിപ്പിച്ചു. ഈസ്റ്റ് കടുങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയിലെ കണിയാംകുന്ന് ചാമപ്പറമ്പ് ബ്രാഞ്ച് സമ്മേളനമാണ് പാതിവഴിയില്‍ അവസാനിപ്പിച്ചത്. സെക്രട്ടറി സ്ഥാനത്തേക്ക് വിഷ്ണു, രവീന്ദ്രന്‍ എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കുകയും ഇരുവരും മത്സരരംഗത്ത് ഉറച്ചുനിന്നതുമാണ് പ്രശ്‌നത്തിന് വഴി തെളിച്ചത്.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നില്‍ക്കുന്നവര്‍ പാര്‍ട്ടിയുടെ ചുമതലയില്‍ വരാന്‍ പാടില്ലെന്ന പാര്‍ട്ടി തീരുമാനം ചൂണ്ടികാട്ടിയാണ് എതിര്‍പ്പുയര്‍ന്നത്. ഇതേ തുടര്‍ന്ന് ലോക്കല്‍ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കാതെയാണ് സമ്മേളനം പിരിച്ചുവിട്ടത്. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സമവായത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. നിലവില്‍ അഡ്വ. അജിത്ത് കുമാര്‍ ബ്രാഞ്ച് സെക്രട്ടറിയായി ചുമതല നിര്‍വഹിക്കും.