ചെങ്ങന്നൂര്‍ ; ചെങ്ങന്നൂര്‍ നഗരസഭയില്‍ മംഗലം പ്രദേശത്തെ നഗരസഭാറോഡിന്റെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ സിപിഐഎമ്മിനും എല്‍ഡിഎഫ് കൗണ്‍സിലര്‍ക്കുമെതിരെ വസ്തുത വിരുദ്ധമായ പ്രചരണങ്ങള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് സിപിഐഎം ചെങ്ങന്നൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണം യോഗം നടത്തി. മംഗലം ഓര്‍ത്തഡോക്‌സ് പള്ളി ജംഗ്ഷനില്‍ നടന്ന യോഗം ഏരിയ സെക്രട്ടറി എം. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂരിലെ നഗരസഭ റോഡുകളുടെ ഉടമസ്ഥത നഗരസഭാ ഭരണസമിതിക്കുള്ളതാണ്. നഗരസഭ കൗണ്‍സിലിലെ ഭരണക്കാര്‍ സിപിഐഎം അല്ല. നഗരസഭാ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള ഉത്തരവാദിത്വം നഗരസഭക്ക് ഉള്ളതാണ്.
ബി.ജെ.പി.യുടെ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായ രാജ്യസഭാ എം.പി ഈ മണ്ഡലത്തില്‍ ഒരു രൂപ പോലും നാളിതുവരെ ചിലവഴിച്ചിട്ടില്ല. മംഗലം പ്രദേശത്ത് പ്രത്യേകിച്ചും നഗരസഭയില്‍ പൊതുവിലും സംസ്ഥാന ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ പ്രശംസക്ക് കാരണമായതിലുള്ള ജാള്യതയാണ് ഇത്തരത്തിലുള്ള സമരാഭാസങ്ങള്‍ക്ക് കാരണമെന്നും അഡ്വ.എം. ശശികുമാര്‍ പറഞ്ഞു. കെ.എന്‍ രാജീവ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം എ. കെ മനോജ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യു. സുഭാഷ്, വി.ജി അജീഷ്, വി.എസ് സവിത, ലതിക, മധു ചെങ്ങന്നൂര്‍, പി.ഡി സുനീഷ് കുമാര്‍, മനു .എം തോമസ്, വിഷ്ണു മനോഹര്‍, എ. രമേശ് കുമാര്‍, അനില്‍ കുമാര്‍, സതീഷ് ജേക്കബ്ബ് എന്നിവര്‍ സംസാരിച്ചു.