പത്തനംതിട്ട: ഒന്നാം പിണറായിസര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ആര്‍.ടി.സി.യില്‍ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ റോഡ് ഉപരോധിച്ച് സമരം ചെയ്ത എട്ട് സി.പി.എം, സി.ഐ.ടി.യു നേതാക്കളെ കോടതി ശിക്ഷിച്ചു. 2019 ല്‍ നടന്ന കേസിലാണ് സി.ജെ.എം കോടതി ബുധനാഴ്ച വിധി പറഞ്ഞത്. 400 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവുമായിരുന്നു ശിക്ഷ. പെന്‍ഷന്‍ മുടങ്ങിയതിനെതിരെ കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍നൈസേഷന്‍ എന്ന സംഘടനയുടെ ലേബലിലാണ് ഇവര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ റോഡ് ഉപരോധിച്ചത്. ഗതാഗതം തടസപ്പെടുത്തിയതിന് അന്ന് പോലീസ് കേസെടുത്തിരുന്നു.
സി.പി.എം പത്തനംതിട്ട ഏരിയാ കമ്മിറ്റിയംഗവും സി.ഐ.ടി.യു ഏരിയാ സെക്രട്ടിയുമായിരുന്ന എസ്. മീരാസാഹിബ്, സി.പി.എം നേതാവ് കെ.എല്‍. മത്തായി, സി.ഐ.ടി.യു എരിയാ കമ്മറ്റിയംഗം പി.ആര്‍.പുരുഷോത്തമന്‍, സി.പി.എം ഏരിയാ കമ്മറ്റിയംഗവും കര്‍ഷക സംഘം നേതാവുമായിരുന്ന പി. ഷംസുദ്ദീന്‍, സി.പി.എം കോന്നി ഏരിയാ കമ്മിറ്റിയംഗം ഇ.കെ. ബാഹുലേയന്‍, സി.പി.എം പന്തളം ഏരിയാ കമ്മറ്റിയംഗവും സിഐടിയു ഏരിയാ സെക്രട്ടറിയുമായിരുന്ന വി.പി. രാജേശ്വരന്‍ നായര്‍ എന്നിവരടക്കം എട്ടു പേരാണ് പ്രതികള്‍. ഇതില്‍ എസ്. മീരാസാഹിബ്, കെ.എല്‍. മത്തായി എന്നിവര്‍ വിചാരണയ്ക്കിടെ മരണപ്പെട്ടു. പാര്‍ട്ടിയുടെ നേതാക്കളായിട്ടു കൂടി ഇത്തരമൊരു സമരത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്നത് ഇവര്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട് എന്നറിയുന്നു. പാര്‍ട്ടിയുടെ സംരക്ഷണ കിട്ടിയില്ലെന്ന് മാത്രമല്ല, പോലീസ് ശക്തമായ നടപടിയെടുക്കുകയും ചെയ്തു.