തിരുവനന്തപുരം : കോൺഗ്രസിൽ നിന്ന് ഇനിയും നേതാക്കൾ അടുത്ത ദിവസങ്ങളിൽ സി.പി.എമ്മിലേക്കു വരുമെന്നു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. വന്നവർക്കും ഇനി വരാനിരിക്കുന്നവർക്കും തലസ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സ്വീകരണം നൽകും. കോൺഗ്രസിന് ഉണ്ടാകുന്ന തകർച്ച പരമാവധി പ്രയോജനപ്പെടുത്താൻ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ജനാധിപത്യത്തിനു വേണ്ടി ശബ്ദിക്കുന്നവരെ കോൺഗ്രസ് ഒറ്റപ്പെടുത്തി അവഹേളിക്കുകയാണെന്നു കപിൽ സിബലിന്റെ അനുഭവം വ്യക്തമാക്കുന്നെന്നു വിജയരാഘവൻ പറഞ്ഞു. രാജ്യത്തു ബി.ജെ.പി ക്കെതിരെ പ്രതിഷേധം ഉയരുന്ന രാഷ്ട്രീയ സാഹചര്യമുള്ളപ്പോൾ കോൺഗ്രസ് സ്വയം തോറ്റു കൊടുക്കുകയാണ്. ഒരു നേതൃപദവിയും ഇല്ലാത്ത രാഹുൽഗാന്ധി തന്നിഷ്ട പ്രകാരം മുഖ്യമന്ത്രിമാരെ നിയമിക്കുകയും മാറ്റുകയും ചെയ്യുന്നു. അവകാശങ്ങൾ മാത്രമുള്ള, ഉത്തരവാദിത്തം ഇല്ലാത്ത നേതാവായി രാഹുൽ മാറി.
കേരളത്തിൽ വി.എം.സുധീരനെപ്പോലെ ഒരു നേതാവിനു സ്വന്തം അഭിപ്രായം പറയണമെങ്കിൽ പദവികൾ രാജിവെക്കേണ്ടി വരുന്ന അവസ്ഥയായി. ചെന്നിത്തലയ്ക്കു പദവി ഇല്ലാത്തതു കൊണ്ടു ചില ട്രസ്റ്റ് പദവികൾ രാജിവെച്ചു. തട്ടിപ്പു കേസിലെ പ്രതികളെല്ലാം കെ.പി.സി.സി പ്രസിഡന്റിനു ചുറ്റും പ്രത്യക്ഷപ്പെടുന്നു. വിദഗ്ധരായ ഭിഷഗ്വരന്മാർ ഉള്ള കേരളത്തിൽ അക്കൂട്ടത്തിൽ മോൻസൻ മാവുങ്കലിന്റെ പേരുള്ളതു കെ.പി.സി.സി പ്രസിഡന്റിനു മാത്രമേ അറിയൂവെന്നു വിജയരാഘവൻ പരിഹസിച്ചു. കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അദ്ദേഹത്തിനുള്ള വ്യക്തതയില്ലായ്മ തന്നെയാണ് കോൺഗ്രസിന്റെ അവസ്ഥയും. മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കെതിരെയും ആക്ഷേപമുണ്ടല്ലോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം വിജയരാഘവൻ നൽകിയില്ല.
കേരളത്തിന്റെ മതനിരപേക്ഷത കാത്തു സൂക്ഷിക്കാനുള്ള പ്രചാരണ പരിപാടികൾ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ത്രിപുര ഐക്യദാർഢ്യത്തിനായി നടത്തിയ പണപ്പിരിവിൽ 6.65 കോടി രൂപ ലഭിച്ചതായി വിജയരാഘവൻ അറിയിച്ചു. കോൺഗ്രസ് വിട്ട കെ.പി.സി.സി മുൻ സെക്രട്ടറി സോളമൻ അലക്സും സെക്രട്ടേറിയറ്റ് യോഗം നടക്കുന്ന എകെജി സെന്ററിൽ എത്തിയിരുന്നു.