കോന്നി : കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത ഇല്ലാതാക്കിയത് സി.പി.എം ആണെന്ന് പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കോൺഗ്രസ്സ് സേവാദൾ കോന്നി അസംബ്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ചന്ത മൈതാനിയിൽ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിനു രൂപയുടെ അഴിമതിയിൽ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് കോന്നി റീജണൽ സഹകരണ ബാങ്ക്. സഹകരണ പ്രസ്ഥാനത്തെ വിശ്വസിച്ചുകൊണ്ട് പണം നിക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ പലിശയുമില്ല മുതലുമില്ലാത്ത അവസ്ഥയാണ്.
കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയിരിക്കുകയാണ് കോന്നി റീജണൽ സഹകരണ ബാങ്ക്. നിക്ഷേപകര്‍ ആത്മഹത്യയുടെ വക്കിലാണ്. ബാങ്കിനു മുമ്പില്‍ ഒരു നിക്ഷേപകന്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടും തികഞ്ഞ ലാഘവത്തോടെയാണ് സി.പി.എം ഭരണസമിതി ഇതിനെ കാണുന്നതെന്നും നിക്ഷേപകർക്കൊപ്പം നിന്നുകൊണ്ട് അവർക്ക് നീതി ലഭിക്കുന്നതിനുവേണ്ടി കോൺഗ്രസ്സ് സേവാദൾ ശക്തമായ സമരങ്ങള്‍ക്ക് നേത്രുത്വം നല്‍കുമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
സേവാദൾ ജില്ല പ്രസിഡന്റ് ശ്യാം എസ് കോന്നി, നിയോജകമണ്ഡലം പ്രസിഡന്റ് ജോയി തോമസ്, ജില്ല സെക്രട്ടറി ഷിജു അറപ്പുരയിൽ എന്നിവർ ഉപവാസമിരുന്നു. റോബിൻ പീറ്റർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, ചിറ്റൂർ ശങ്കർ, എലിസബത്ത് അബു, ദീനാമ്മ റോയി, ആർ ദേവകുമാർ, എസ് സന്തോഷ് കുമാർ, പ്രവീൺ പ്ലാവിളയിൽ, ജി ശ്രീകുമാർ, എം പി അമ്പിളി, സി. വി ശാന്തകുമാർ, ജോർജ് വർഗ്ഗീസ്, സുലേഖ വി നായർ, സൗദ റഹിം, പ്രിയ എസ് തമ്പി, നൗഷാദ് മുളന്തറ, ജോളി ഡാനിയൽ, ഡയസി പി എസ്, ജോഷ്വാ കൂടൽ, ലാലു സി.കെ, റോജി ഏബ്രഹാം, ഐവാൻ വകയാർ, അനി, സാബു തോമസ്, സുജാത മോഹൻ, സണ്ണി തോമസ്, പ്രകാശ് പേരങ്ങാട്ട്, സുമതി രമണൻ, തോമസ് കാലായിൽ തുടങ്ങിയവർ ഉപവാസ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.