തിരുവനന്തപുരം: ആർ.എസ്.എസുമായി ഒരു കൂട്ടുകെട്ടും സി.പി.എമ്മിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇനി അത്തരമൊരു കൂട്ടുകെട്ട് ഉണ്ടാവുകയുമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഎം കൂട്ടുകെട്ടുണ്ടാക്കിയത് ജനതപാർട്ടിയുമായാണ്. അടിയന്തരാവസ്ഥയെ എതിർക്കുന്നതിന് വേണ്ടിയായിരുന്നു സഖ്യം. ജനസംഘത്തിന്റെ പിൻഗാമിയല്ല ജനതപാർട്ടിയെന്നും വിശാലമായൊരു പ്ലാറ്റ്ഫോമായിരുന്നു അതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ആർ.എസ്.എസുമായി കൂട്ടുകെട്ടുണ്ടാക്കിയത് കോൺഗ്രസാണ്. രാജ്ഭവൻ കാവിവൽക്കരണത്തിന്റെ കേന്ദ്രമായി മാറുകയാണെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
അർധ ഫാഷിസത്തിന്റെ രീതിയിൽ അടിയന്തരാവസ്ഥ വന്നപ്പോൾ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വർഗീയവാദികളായ ആർ.എസ്.എസുമായും ചേർന്നിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. അത് തുറന്ന് പറയാൻ തങ്ങൾക്കൊരു ഭയവുമില്ലെന്നും സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞാൽ വിവാദമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.’അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോൾ ആർ.എസ്.എസുമായി ചേർന്നു. അടിയന്തരാവസ്ഥ അർധഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോൾ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു’- എം.വി ഗോവിന്ദൻ വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമി മുമ്പ് എൽ.ഡി.എഫിന് പിന്തുണച്ചത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.