കോഴഞ്ചേരി : പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ജനപ്രതിനിധികൾ തുടർച്ചയായി പാർട്ടി വിപ്പ് ലംഘിക്കുന്നതിന്റെ ഞെട്ടലിലാണു സിപിഎം നേതൃത്വം. സമീപകാലത്തു തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഭരണം നഷ്ടമായതും ഇത്തരത്തിൽ കൂട്ട വിപ്പ് ലംഘനത്തിലൂടെ ആയിരുന്നു. ഇവരെ പാർട്ടിയിൽ നിന്നു പുറത്താ ക്കിയെങ്കിലും പാർട്ടി അച്ചടക്കം ജനപ്രതിനിധികളിൽ പോലും നിലനിർത്താൻ കഴിയുന്നില്ലെന്ന വിമർശനം ശക്തമാണ്. അയിരൂർ പഞ്ചായത്തിൽ വാർഡംഗം സ്ഥാനം രാജിവെച്ചതും സ്റ്റാൻഡിങ് കമ്മിറ്റി സ്‌ഥാനത്തേക്കു ബിജെപി അംഗം തിരഞ്ഞെടുക്കപ്പെട്ടതും സിപിഎമ്മിനു തിരിച്ചടിയായി.
അയിരൂരിലെ മുൻ പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ കമ്മറ്റിയംഗവുമായിരുന്ന ശ്രീജാ വിമൽ രാജിവെച്ച 16-ാം വാർഡ് കോയിപ്രം ബ്ലോക്കിൽ ഇപ്പോൾ വിപ്പ് ലംഘിച്ച ജെസിയുടെ ഇടയ്ക്കാട് ഡിവിഷനിലാണ്. ശ്രീജ രാജിവെച്ച ഒഴിവിൽ 24ന് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കും. കോയിപ്രം ബ്ലോക്കിലെ ഭരണ നഷ്ടം കൂടിയാകുമ്പോൾ തദ്ദേശ തിരഞ്ഞെടുപ്പു നടക്കുന്ന വർഷം സിപിഎം കൂടുതൽ സമ്മർദ്ദത്തിലാവുകയാണ്. മുന്നണിയായി ഭരിക്കുന്ന സമയത്തെ പോലെ സ്ഥാനങ്ങൾ വീതം വെക്കുന്ന പ്രവണത കേഡർ പാർട്ടിയുടെ സംഘടനാ സംവിധാനം ദുർബല മാകുന്നെന്ന വിമർശനങ്ങൾ നേരത്തെ ഉയർന്നിരുന്നു.