തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളില്‍ സി.ബി.ഐ. നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളുടെ മാതൃക പിന്തുടര്‍ന്ന് സിബിഐയെ പുറത്തുനിര്‍ത്താനുള്ള വഴി ആലോചിക്കാന്‍ സംസ്ഥാന സെക്രട്ടറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിബിഐയെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഈ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിപോലും പറഞ്ഞ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി സ്പെഷല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണ് സിബിഐ കേസുകള്‍ അന്വേഷിക്കുന്നത്. ഓരോ സംസ്ഥാനത്തും അന്വേഷണത്തിന് അതതു സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം. കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി മുന്‍കൂട്ടി നല്‍കിയിട്ടുണ്ട്. ഈ അനുമതി പിന്‍വലിക്കണമെന്നാണു സിപിഎം ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളും അവര്‍ക്കുള്ള അനുമതി പിന്‍വലിക്കുകയാണ്. ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ബംഗാള്‍ എന്നിവയ്ക്കു പിന്നാലെ മഹാരാഷ്ട്രയും ആ തീരുമാനമെടുത്തു. സിബിഐ ഒരു കേസും അന്വേഷിക്കരുതെന്ന നിലപാടില്ല. വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ കേസുകള്‍ ഏറ്റെടുക്കാം. അല്ലാതെ സംസ്ഥാന ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസ് തന്നെ ഏകപക്ഷീയമായി സിബിഐ ഏറ്റെടുക്കുന്നതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. നിയമപരമായ എല്ലാ വശവും പരിശോധിച്ചു തീരുമാനം എടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. പുതിയ നിയമനിര്‍മാണത്തിന്റെ ആവശ്യമില്ല. നേരത്തെ നല്‍കിയ അനുമതി പിന്‍വലിച്ചാല്‍ മതിയെന്നും കോടിയേരി പറഞ്ഞു.