കോന്നി : സിപിഎം കോന്നി ഏരിയാ കാൽനട സമര പ്രചാരണ ജാഥയ്ക്ക് തുടക്കമായി. കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയങ്ങൾക്കെതിരെ സിപിഎം നേതൃത്വത്തിൽ 25 ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി പത്തനംതിട്ട പോസ്റ്റോഫീസ് പടിക്കൽ നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ പ്രചാരണാർഥം കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 18 മുതൽ 23 വരെ നടത്തുന്ന കാൽനട പ്രചാരണ ജാഥയ്ക്ക് കല്ലേലിയിൽ ആവേശകരമായ തുടക്കമായി. കല്ലേലിത്തോട്ടം ജംഗ്ഷനില്‍ ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ജാഥാ ക്യാപ്റ്റൻ പി.ജെ.അജയകുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ഏരിയാ കമ്മിറ്റിയംഗം ടി.രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജാഥാ മാനേജർ എം.എസ് ഗോപിനാഥൻ, ജാഥാ അംഗങ്ങളായ പി.എസ്.കൃഷ്ണകുമാർ, സി.സുമേഷ്, തുളസീമണിയമ്മ, ദീദുബാലൻ എന്നിവർ സംസാരിച്ചു. റെജി ജോർജ് സ്വാഗതവും ഗ്രാമ പഞ്ചായത്തംഗം സിന്ധു നന്ദിയും പറഞ്ഞു. ജാഥ ബുധനാഴ്ച കൈപ്പട്ടൂർ, വള്ളിക്കോട് ലോക്കൽ മേഖലകളിലും, 20 ന് വി. കോട്ടയം, പ്രമാടം, ഇളകൊള്ളൂർ ലോക്കൽ മേഖലകളിലും, 21 ന് ഐരവൺ, കോന്നിതാഴം ലോക്കൽ മേഖലകളിലും, 22 ന് അരുവാപ്പുലം, കോന്നി ലോക്കൽ മേഖലകളിലും, 23 ന് വെട്ടൂർ, മലയാലപ്പുഴ ലോക്കൽ മേഖലകളിലും ജാഥ പര്യടനം നടത്തി പത്തിശേരിയിൽ ജാഥ സമാപിക്കും.