കണ്ണൂര്‍ : വായ്പയെടുക്കാനായി സഹകരണ സംഘത്തില്‍ ചെന്ന യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നതിനായി പിണറായിയിലെ സിപിഎം നേതാവ് നടത്തിയ പ്രലോഭനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലാണ് പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട യുവതിയോട് സിപിഎം നേതാവ് വാട്‌സ് ആപ്പിലൂടെ അശ്ലീല പരാമര്‍ശം നടത്തിയത്. ‘ഞാന്‍ ചോദിച്ചതു വേഗം തന്നോ, ലോണ്‍ പാസാക്കേണ്ടേ’ എന്നിങ്ങനെയുള്ള പച്ചയായ അശ്ലീല പരാമര്‍ശങ്ങളാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നേതാവ് നടത്തിയത്.
പിണറായി ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസെറ്റി സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖില്‍ നാരങ്ങോളിയാണ് പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട യുവതിയോട് ലൈംഗിക താല്‍പര്യത്തോടെ വാട്‌സ് ആപ്പില്‍ സന്ദേശം കൈമാറിയത്.
കഴിഞ്ഞയാഴ്‌ച്ചയാണ് യുവതി സഹകരണ സംഘത്തില്‍ അന്‍പതിനായിരം രൂപ വ്യക്തിഗത വായ്പയെടുക്കാനായി എത്തിയത്. നിഖിലിനെ കണ്ട് വായ്പാ ഫോറം പൂരിപ്പിച്ചു നല്‍കിയ യുവതി ജാമ്യക്കാരായി അച്ഛനെയും മറ്റൊരാളെയും കൊണ്ടുവരാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ഇതിനു ശേഷമാണ് നിഖില്‍ തന്റെ വിളയാട്ടം തുടങ്ങിയത്.
രാത്രിയില്‍ യുവതിയുമായി വാട്‌സ് ആപ്പില്‍ ചാറ്റു ചെയ്ത നിഖില്‍ ലോണ്‍ വേണമെങ്കില്‍ തനിക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സിപിഎം അണ്ടലൂര്‍ കിഴക്കുംഭാഗം ബ്രാഞ്ച് സെക്രട്ടറിയായ നിഖിലിന്റെ പ്രവൃത്തി യുവതി പിതാവിനെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു.
ഇതിനു ശേഷമാണ് ഇവര്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലനെ വിവരം അറിയിക്കുകയും സൊസെറ്റി പ്രസിഡന്റുകൂടിയായ ബാലനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ഇടപെടലുകളാണ് നടന്നത്.
ഇതില്‍ പ്രതിഷേധിച്ച് യുവതിയും കുടുംബവും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സൊസെറ്റിക്ക് മുന്‍പില്‍ നിരാഹാരം കിടക്കുമെന്നും പറഞ്ഞതോടെയാണ് മനസില്ലാ മനസോടെ നേതൃത്വം നിഖിലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
എന്നാല്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തയ്യാറായിട്ടില്ല. ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വ്യാപകമായ പ്രതിഷേധമുയരുന്നുണ്ട്. സി. പി.എമ്മിനായി സൈബര്‍ രംഗത്തും പുറത്തും പോരാടുന്ന നവ സഖാക്കളിലൊരാളാണ് നിഖില്‍ നാരങ്ങോളി’ ഇയാള്‍ക്കെതിരെയുള്ള നടപടി അര്‍ജുന്‍ ആയങ്കി വിഷയത്തിന് ശേഷം പാര്‍ട്ടിക്ക് മറ്റൊരു നാണക്കേടായി മാറിയിരിക്കുകയാണ്.