കുറ്റിക്കാട്ടൂര്‍ : പെരുവയല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗത്തിനെതിരെ സി.പി.എം നേതാവിന്റെ മോശമായ പരാമര്‍ശം വിവാദമായി. പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധവും ശക്തമാണ്. സി.പി.എം ജില്ല കമ്മിറ്റി അംഗം പി.കെ. പ്രേംനാഥാണ് പെരുവയല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ പി.കെ. ഷറഫുദ്ദീനെതിരെ അസഭ്യപരാമര്‍ശം നടത്തിയത്.
ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബുധനാഴ്ച സി.പി.എം നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സംഭവം. ആവേശത്തിലല്ലെന്നും അറിഞ്ഞുകൊണ്ടുതന്നെ പറയുകയാണെന്നുമുള്ള പരാമര്‍ശത്തോടെയാണ് മോശപ്പെട്ട പദപ്രയോഗങ്ങള്‍ ആവര്‍ത്തിച്ചത്. പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ ഏതാനും ദിവസങ്ങളായി യു.ഡി.എഫ്, എല്‍.ഡി.എഫ് തര്‍ക്കം രൂക്ഷമാണ്.
ഷറഫുദ്ദീനടക്കമുള്ള ഏതാനും മെംബര്‍മാര്‍ ഞായറാഴ്ച രാത്രിയില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളില്‍ ചെലവഴിച്ചതിനെച്ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. ഇവിടെ എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്യുകയും ഇരുകൂട്ടരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും ചെയ്തു. ഒഴിവുദിവസം അസമയത്ത് ഓഫീസില്‍ കയറിയത് കൃത്രിമം കാണിക്കാനാണ് എന്നായിരുന്നു ആരോപണം.
എന്നാല്‍, തൊട്ടടുത്ത ദിവസം നടക്കുന്ന അതിദരിദ്രരെ കണ്ടെത്താനുള്ള സര്‍വേയുടെ പരിശീലനത്തിനുള്ള വളന്റിയര്‍മാരുടെ ലിസ്റ്റ് ശേഖരിക്കാനാണ് എത്തിയതെന്നും ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ അകത്തല്ല, മറിച്ച് ജനപ്രതിനിധികള്‍ക്ക് അനുവദിച്ച സ്ഥലത്താണ് ഇരിക്കുന്നതെന്നും പി.കെ. ഷറഫുദ്ദീനും വിശദീകരിച്ചു. രംഗം വഷളായതോടെ പോലീസെത്തിയാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്.
ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച സി.പി.എം ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചത്. വിവാദ പരാമര്‍ശത്തിനെതിരെ ഷറഫുദ്ദീന് മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ വൈകുന്നേരം പൂവാട്ടുപറമ്പില്‍ പ്രകടനം നടത്തി. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.