പത്തനംതിട്ട : ആസൂത്രിതമായ സാമ്പത്തിക കൊള്ളയിലൂടെ സി.പി.എം നേതാക്കള്‍ സഹകരണ ബാങ്കുകളുടെ അന്തകരായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മലയാലപ്പുഴ സര്‍വീസ് സഹകരണ ബാങ്കിലെ ഒരു കോടിയില്‍പ്പരം രൂപയുടെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റുചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഉള്‍പ്പെടെ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്ന ജില്ലയിലെ രണ്ട് ഡസനിലധികം ബാങ്കുകള്‍ ഗുണ്ടായിസത്തിലൂടെയും ജനാധിപത്യ വിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെയും പിടിച്ചടക്കി വന്‍തോതില്‍ തട്ടിപ്പും ആസൂത്രിത കൊള്ളയുമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലയാലപ്പുഴ സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് എന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
എല്ലാ തട്ടിപ്പുകളുടെയും പിന്നില്‍ സി.പി.എമ്മിന്‍റെ അറിയപ്പെടുന്ന ഉന്നത നേതാക്കളാണുള്ളതെന്നും ഇതിന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മലയാലപ്പുഴ സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പില്‍ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്ത് കൈ കഴുകാനാണ് സി.പി.എം, സി.പി.ഐ നേതാക്കള്‍ നേതൃത്വം നല്‍കുന്ന ഭരണസമിതി ശ്രമിക്കുന്നത്. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ഉത്തരവാദികളായവരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് നടപടിക്ക് വിധേയരാക്കുകയും നിക്ഷേപകരുടെ പണം മടക്കി നല്‍കുകയും ചെയ്യണമെന്നും അല്ലാത്തപക്ഷം കൂടുതല്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് ദിലീപ് കുമാര്‍ പൊതീപാട് അധ്യക്ഷത വഹിച്ചു.
ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറി എലിസബത്ത് അബു, ഡി.സി.സി അംഗങ്ങളായ ജെയിംസ് കീക്കരിക്കാട്, ഇ.കെ. സത്യവൃതന്‍, നേതാക്കളായ വി.സി. ഗോപിനാഥ പിള്ള, റ്റി.ജി. നിഥിന്‍, സണ്ണി കണ്ണമണ്ണില്‍, വിശ്വംഭരന്‍ മലയാലപ്പുഴ, അനില്‍ .പി. വാഴുവേലില്‍, മോളി തോമസ്, ആശാ കുമാരി, ശശിധരന്‍ നായര്‍ പാറയരികില്‍, ബിജിലാല്‍ ആലുനില്‍ക്കുന്നതില്‍, ബെന്നി ഈട്ടിമൂട്ടില്‍, സിനി ലാല്‍ ആലു നില്‍ക്കുന്നതില്‍, ബിജുമോന്‍ .എസ് പുതുക്കുളം, നാഗൂര്‍ മീരാന്‍, അനില്‍ മോളൂത്തറ, ജെയിംസ് പരുത്തിയാനി, മോനി. കെ. ജോര്‍ജ്, ശ്രീകുമാര്‍ ചെറിയത്ത്, മാത്യു ഇലക്കുളം, എബ്രഹാം മാത്യു, സാബു പുതുക്കുളം, ബിജിലാല്‍ തുണ്ടിയില്‍, സുധീഷ് .സി.പി, അനി .എം. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.