പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ സി.പി.എമ്മും ബി.ജെ.പിയും അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുടെ വാക്കും പ്രവര്‍ത്തിയും ബി.ജെ.പി യെ സഹായിക്കുന്ന രീതിയിലാണെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പത്തനംതിട്ട ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണിയുടെ കോന്നി ബ്ലോക്കിലെ പ്രചരണ പരിപാടി ഏനാദിമംഗലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി യും നരേന്ദ്രമോദിയും കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പ്രവര്‍ത്തിക്കുന്ന അതേ രീതിയിലാണ് കോണ്‍ഗ്രസ് മുക്ത കേരളത്തിനായി മുഖ്യമന്ത്രിയും സി.പി.എം പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ആന്‍റോ ആന്‍റണിയുടെ ഭൂരിപക്ഷം ഇരട്ടിയിലധികമായി വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കോന്നി നിയോജക മണ്ഡലം പ്രസിഡന്‍റ് എസ്. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എന്‍. ഷൈലജ്, കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ഉമ്മന്‍ വടക്കേടത്ത്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, റെജി പൂവത്തൂര്‍, ചിറ്റൂര്‍ ശങ്കര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ദീനാമ്മ റോയി, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സജി മാരൂര്‍, രവി പിള്ള, റല്ലു.പി.രാജു, ഐവാന്‍ വകയാര്‍, അരുണ്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു.