കോന്നി : വനിതാ സംരംഭക നടത്തുന്ന തുണിക്കട പൂട്ടിക്കുമെന്ന് സി പി എം നേതാക്കൾ ഭീഷണിപ്പെടുത്തിയതായി പരാതി. പരാതി ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ പോലീസ്. ചങ്ങനാശേരി സ്വദേശിയും വനിതാ സംരംഭകയുമായ മണമേൽ വീട്ടിൽ ജിറ്റാ സിജു ആണ് കടയിലെത്തി അതിക്രമം കാട്ടിയ ചങ്ങനാശേരി സ്വദേശികളായ പുതുപ്പറമ്പിൽ ഷൈജു റ്റി അസീസ്, വേലശേരി വീട്ടിൽ മുഹ്‌മ്മദ് അഷ്‌റഫ് എന്നിവർക്ക് എതിരെയാണ് പരാതി നൽകിയത്. ഓഗസ്റ്റ് 14 നാണ് സംഭവം നടന്നത്. സി പി എം കോന്നി ഏരിയ കമ്മറ്റി അംഗം രാജേഷും മുൻപ് ഇവിടെ കട നടത്തിയിരുന്ന ആളുകളും ഉൾപ്പെടെ പതിനഞ്ചോളം പേരാണ് കടയിൽ എത്തി ഭീഷണി മുഴക്കിയതെന്ന് കടയുടമ പറയുന്നു.
ഒരുമണി മുതൽ അഞ്ചുമണി വരെ കടയുടെ പ്രവർത്തനം പൂർണ്ണമായി സ്തംഭിപ്പിക്കുകയും വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കട ഉടമയും ഇവരും തമ്മിൽ ഉള്ള പ്രശ്നങ്ങളെ തുടർന്ന് ഇവരോട് കടയുടമ കട ഒഴിയുവാൻ ആവശ്യപ്പെടുകയും ഇവർ കട ഒഴിഞ്ഞു പോവുകയും ചെയ്തിരുന്നു. പിന്നീട് വന്ന വനിതാ സംരംഭകയും ഭീഷണി പെടുത്തിയവരും തമ്മിൽ യാതൊരു ബന്ധവും ഇല്ല. എന്നാൽ വിഷയത്തിൽ ജില്ലാ പോലീസ് മേധാവിക്കും കോന്നി പോലീസിലും സംരംഭക പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നില്ല എന്നും പരാതിയുണ്ട്.