മല്ലപ്പള്ളി : സിപിഎം മല്ലപ്പള്ളി ഏരിയ വിഭജിച്ച് എഴുമറ്റൂർ, മല്ലപ്പള്ളി എന്നിങ്ങനെ രണ്ട് കമ്മിറ്റികളാക്കി. എഴുമറ്റൂരിന് പുറമേ കോട്ടാങ്ങൽ, കൊറ്റനാട്, ചെറുകോൽ, അയിരൂർ പഞ്ചായത്തുകൾ എഴുമറ്റൂരിലും മല്ലപ്പള്ളി, ആനിക്കാട്, കുന്നന്താനം, കല്ലൂപ്പാറ പഞ്ചായത്തുകൾ മല്ലപ്പള്ളി ഏരിയയിലും ഉൾപ്പെടുത്തി. രൂപവത്കരണയോഗങ്ങളിൽ ബഹിഷ്കരണവും വിട്ടുനിൽക്കലും ഉണ്ടായി. എഴുമറ്റൂർ ഏരിയ കമ്മിറ്റി രൂപവത്കരണവുമായി ബന്ധപ്പെട്ട് മുക്കുഴിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വിളിച്ചുചേർത്ത യോഗത്തിൽ ജില്ലാ നേതൃത്വം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തതായി പരാതി ഉയർന്നു. വിഭാഗീയ പ്രവർത്തനം നടത്തുന്നവരെയും വിദേശത്ത് ജോലിനോക്കുന്നവരെയും തന്നിഷ്ടപ്രകാരം ഉൾപ്പെടുത്തിയെന്നാണ് ആരോപണം. നിലവിലുള്ള ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയോ ഏരിയാ കമ്മിറ്റി അംഗങ്ങളുടെയോ അഭിപ്രായം ചോദിക്കാതെ എടുത്ത തീരുമാനം അംഗീകരിക്കാൻ ആവില്ലെന്ന് അംഗങ്ങൾ തുറന്നടിച്ചു. യോഗം ബഹിഷ്കരിച്ച് ചിലർ ഇറങ്ങിപ്പോയി.
കുറേനാളായി അമേരിക്കയിലായ എഴുമറ്റൂരിലെ ജോൺസ് വർഗീസിനെയും കോട്ടാങ്ങൽ ലോക്കൽ കമ്മിറ്റിയിൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടതിന് നിരന്തരം താക്കീതിന് വിധേയനായിട്ടുള്ള അസീസ് റാവുത്തരെയും ഉൾപ്പെടുത്തിയത് അംഗങ്ങൾ ചോദ്യംചെയ്തു. ഏരിയയിലെ പാർട്ടി ബഹുജന സംഘടനകളുടെ നേതൃനിരയിലുള്ള പ്രവർത്തകരെ അവഗണിച്ചതായും പരാതി വന്നു. മല്ലപ്പള്ളിയിൽ ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിൽ പല അംഗങ്ങളും പങ്കെടുത്തില്ല. ഒടുവിൽ പരാതി ഒഴിവാക്കാൻ അഡ്വ. എം.ജെ.വിജയനെ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തയ്യാറായി. മല്ലപ്പള്ളി സിഎംഎസ് സ്കൂളിൽ നടന്ന യോഗത്തിൽ ആയിരത്തിലധികം പേരെ പ്രതീക്ഷിച്ചെങ്കിലും പങ്കാളിത്തം കുറഞ്ഞു. എഴുമറ്റൂർ ഏരിയാ കമ്മിറ്റി യോഗത്തിൽ 1606 അംഗങ്ങൾ എത്തേണ്ടിയിരുന്നു. എന്നാൽ നാനൂറോളം പേരാണ് വന്നത്. ജില്ലാ സെക്രട്ടറി രാജു എബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു എന്നിവർ രണ്ട് യോഗങ്ങളിലും പങ്കെടുത്തു.