തിരുവനന്തപുരം : ജോസ് കെ മാണിയുടെ പാലായിലെതോല്‍വിയില്‍ സിപിഎമ്മില്‍ അച്ചടക്ക നടപടിയില്ല. തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റിക്ക് ജാഗ്രത കുറവുണ്ടായി എന്ന് മാത്രമാണ് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. കടുത്തുരുത്തിയിലും പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തല്‍. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് ജില്ല കമ്മിറ്റി മൂന്നംഗ സമിതിയെ ജോസ് കെ മാണിയുടെ തോല്‍വി പഠിക്കാന്‍ നിയോഗിച്ചത്. തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്കെതിരെ പ്രചാരണമുണ്ടായെന്നും ഇത്തരം പ്രചാരണങ്ങളെ വേണ്ട രീതിയില്‍ പ്രതിരോധിക്കാനായില്ലെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.
ആവശ്യമായ ജാഗ്രത പുലര്‍ത്താന്‍ തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റിക്ക് ആയില്ല. എന്നാല്‍ അച്ചടക്ക നടപടി സ്വീകരിക്കേണ്ട തരത്തിലുള്ള വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. കടുത്തുരുത്തിയിലും സിപിഎമ്മിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. ജില്ല സെക്രട്ടറിയേറ്റും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചു. സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.