നെടുങ്കണ്ടം : ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ സി.പി.എം പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍. നെടുങ്കണ്ടം പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ രമ്യയുടെ ഭര്‍ത്താവ് ബ്ലോക്ക് നമ്പര്‍ 507 ചെന്നാപ്പാറ കരുവാറ്റയില്‍ ഷിജു ആര്‍.കെ (പെണ്ണ് ഷിജു 34) ആണ് നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്.
തേവാളപ്പടി തൈക്കേരി പ്രകാശിനാണ് ഞായറാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റത്. 11-ാം വാര്‍ഡ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ കോവിഡ് വാക്‌സീന്‍ സി.പി.എം അനുഭാവികള്‍ക്ക് മാത്രം വിതരണം ചെയ്യുന്നതായി ജന്മഭൂമിയില്‍ വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്ത ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുകയും പാര്‍ട്ടിക്കെതിരെ വലിയ വിമര്‍ശനം ഉയരുകയും ചെയ്തു.
ബി.ജെ.പി നേതാവ് അനിഷ് ചന്ദ്രന്‍ വാര്‍ത്ത സഹിതം പോസ്റ്റിട്ടിരുന്നു. പഞ്ചായത്തംഗം സ്വന്തം സീല്‍ പതിച്ച് ടോക്കണ്‍ നല്‍കിയെന്നാണ് ആക്ഷേപം. ഇതിനെ അനുകൂലിച്ച് പ്രകാശ് കമന്റിട്ടിരിന്നു. പിന്നാലെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ ആക്രമണം ഉണ്ടായത്.
പ്രകാശ് ഓടിച്ചിരുന്ന ജീപ്പ് തടഞ്ഞ് നിര്‍ത്തി മുന്‍വശത്തെ ഗ്ലാസ് കമ്പിവടികൊണ്ട് അടിച്ച് തകര്‍ത്തായിരുന്നു ആക്രമണം. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ഷിജു. എന്നാല്‍ വ്യാജ ടോക്കണുമായി എത്തുന്നവരെ തടയാനാണ് ടോക്കണ്‍ നല്‍കിയതെന്നാണ് പഞ്ചായത്തംഗത്തിന്റെ വിശദീകരണം. അതേ സമയം ഇത്തരത്തില്‍ ടോക്കണ്‍ നല്‍കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. കേസില്‍ 11-ാം വാര്‍ഡ് മെമ്പറുടെ മകന്‍ ശ്രീഹരിയടക്കം അഞ്ച് പേര്‍ കൂടി ഇനിയും പിടിയിലാകാനുണ്ട്.