തിരുവനന്തപുരം : ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ വഴി പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും പഠന ക്ലാസ് സംഘടിപ്പിക്കാന്‍ സിപിഎം. ശനിയാഴ്ച ക്ലാസുകള്‍ക്ക് തുടക്കമാകും. ‘മാര്‍ക്സിസത്തിന്റെ കാലിക പ്രസക്തി’ എന്ന വിഷയത്തില്‍ പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള ആദ്യ ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ചകളില്‍ രാത്രി 7.30 മുതല്‍ 8.30വരെയാണ് ക്ലാസ് ഉണ്ടാകുക. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
”സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിവാര പഠന പരിപാടി എന്ന പേരില്‍ വിപുലമായ പഠനക്ലാസ് സംഘടിപ്പിക്കും. പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവി ഗ്രൂപ്പിലെ അംഗങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് സിപിഐ എമ്മിനെക്കുറിച്ച് പഠിക്കണമെന്ന് ആഗ്രഹിക്കുന്ന ഏവര്‍ക്കും ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ഫേയ്സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ക്ലാസുകള്‍ ലഭിക്കും.
ശനിയാഴ്ച രാത്രി 7.30ന് ‘മാര്‍ക്സിസത്തിന്റെ കാലിക പ്രസക്തി’ എന്ന വിഷയത്തില്‍ ക്ലാസെടുത്ത് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിലെ എട്ടു ക്ലാസ് തുടര്‍ന്നുള്ള ശനിയാഴ്ചകളില്‍ നടക്കും. ബ്രാഞ്ചുകളില്‍, അംഗങ്ങള്‍ ഒരു കേന്ദ്രത്തില്‍ സാമൂഹ്യ അകലം പാലിച്ചിരുന്ന് ക്ലാസുകള്‍ ശ്രദ്ധിക്കുന്നതാവും നല്ലത്. രാത്രി 7.30 മുതല്‍ 8.30 വരെയാണ് ക്ലാസ്. ഏതൊരാള്‍ക്കും ക്ലാസ് കേട്ട് അഭിപ്രായങ്ങളും സംശയങ്ങളും കമന്റ് ബോക്സുവഴി അറിയിക്കാം.”