കോന്നി : ആദ്യമായി കോന്നിയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാനുള്ള പ്രയത്നത്തിലാണ് നേതാക്കളും പ്രവർത്തകരും. സമ്മേളനത്തിൻ്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ, പതാക ജാഥകൾ ഇന്ന് ജില്ലയിൽ പര്യടനം നടത്തും. നാളെ രാവിലെ 10.30ന് പ്രതിനിധി സമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (വകയാർ മേരി മാതാ ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് നടക്കും. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുപ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ച, പൊതുചർച്ച എന്നിവ നടക്കും.ഞായറാഴ്ച രാവിലെ 9 ന് പ്രതിനിധി സമ്മേളനവും, പൊതുചർച്ചയും തുടരും.
തിങ്കളാഴ്ച രാവിലെ 9 ന് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്, സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് , പ്രമേയാവതരണം, ഭാവി പരിപാടികൾ, ക്രഡൻഷ്യൻ റിപ്പോർട്ട്, നന്ദി എന്നിവയ്ക്ക് ശേഷം ഇൻ്റർനാഷണൽ ഗാനത്തോടെ പ്രതിനിധി സമ്മേളനം അവസാനിക്കും. വൈകിട്ട് 4ന് റെഡ് വാളൻ്റിയർമാർച്ചും പ്രകടനവും തുടർന്ന് 5 ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കെ.എസ്.ആർ.ടി.സി മൈതാനം) നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറി അധ്യക്ഷത വഹിക്കും. സ്വാഗത സംഘം കൺവീനർ ശ്യാംലാൽ സ്വാഗതം പറയും.