തലശേരി : കണ്ണൂര്‍ മനേക്കരയില്‍ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സി.ആര്‍.പി.എഫ് ജവാനായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആറുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ മാഹി പന്തക്കല്‍ വയലില്‍പീടിക ‘ശിവഗംഗ’യില്‍ രാഹുലിനെയാണ് (30) പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇയാള്‍ അവധി അവസാനിച്ച ശേഷവും നാട്ടില്‍ തുടരുകയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു ഇയാളും സംഘവും ബൈക്കുകളില്‍ എത്തി സി.പി.എം കിഴക്കെ മനേക്കര ബ്രാഞ്ചംഗം ചന്ദ്രനെ ആക്രമിക്കുന്നത്. ആയുധമേന്തിയ അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചന്ദ്രനെ സംഘം പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു.
കാലില്‍ ആഴത്തില്‍ വെട്ടേറ്റ ചന്ദ്രന്‍ ഇപ്പോള്‍ തലശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. ചന്ദ്രനോടൊപ്പമുണ്ടായിരുന്ന കുന്നുമ്മല്‍ ബ്രാഞ്ചംഗം വിജയനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അംഗമായ ശരത്തി(27)ന്റെ ജ്യേഷ്ഠനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന രാഹുല്‍. കണ്ണൂരിലും മാഹിയിലുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണിയാള്‍.