തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരുന്നു. ഗവര്‍ണറും സര്‍ക്കാരും നേര്‍ക്കുനേര്‍ നില്‍ക്കുന്ന സാഹചര്യവും മന്ത്രി ആര്‍.ബിന്ദു ഗവര്‍ണര്‍ക്ക് കത്തയച്ചതും ചര്‍ച്ചയായേക്കും. സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധങ്ങള്‍ നേരിടുന്നതും മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തുനിന്നു മാത്രമല്ല, ഭരണപക്ഷത്തുനിന്നും പോലീസിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ആലപ്പുഴയില്‍ സര്‍വകക്ഷിയോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പോലും പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ തുറന്നടിച്ചു. സിപിഎം സമ്മേളനങ്ങളിലും വിമര്‍ശനം പോലീസിനും ആഭ്യന്തരവകുപ്പിനും എതിരെയാണ്.
താരതമ്യേന ഭദ്രമായിരുന്ന ക്രമസമാധാനനില തുടര്‍ ഭരണത്തിന് സഹായകമായെന്ന് വിലയിരുത്തിയിട്ടുള്ള സിപിഎമ്മിന് ഇപ്പോഴത്തെ അക്രമസംഭവങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാനാവില്ല. വര്‍ഗീയ ശക്തികള്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. വിശദമായ ചര്‍ച്ച ഇന്നത്തെ സെക്രട്ടേറിയറ്റിലുണ്ടായേക്കും. ഒരു മാസത്തിനുശേഷം നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തേണ്ട ഗവര്‍ണര്‍ സര്‍ക്കാരുമായി കടുത്ത അഭിപ്രായവ്യത്യാസത്തില്‍ തുടരുന്നതും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകും. പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന ചിന്തയിലാണ് സിപിഎം നേതൃത്വം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ഗവര്‍ണര്‍ക്ക് കത്തയച്ചതിലും സിപിഐ എതിര്‍പ്പ് പരസ്യമാക്കിയിരുന്നു.
ഗവര്‍ണര്‍ക്കെതിരെ നിലപാടെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കത്ത് പുറത്തുവന്നതിനുശേഷം മന്ത്രി ബിന്ദുവിനെ പരസ്യമായി പിന്തുണയ്ക്കാന്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സില്‍വര്‍ ലൈനിനെതിരായ ജനകീയ പ്രതിഷേധം ശക്തമാകുന്നതും ഇടതുപക്ഷത്തു നിന്നു തന്നെ എതിര്‍പ്പുകള്‍ ഉയരുന്നതും സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായേക്കും. എല്‍ജെഡി വിട്ട് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഷെയ്ഖ് പി. ഹാരിസിന്റെ കാര്യത്തിലും ഇന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയേക്കും.