തിരുവനന്തപുരം : പോലീസിനും ഡിജിപിക്കുമെതിരായ സിഎജി റിപ്പോര്‍ട്ട് വിവാദമായിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്ന് രണ്ട് ദിവസങ്ങളിലായി സംസ്ഥാന സമിതിയും ചേരാൻ നേരത്തെ തീരുമാനിച്ചിരുന്നതാണെങ്കിലും പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയം സിപിഎം നേതൃയോഗം വിശദമായി ചര്‍ച്ച ചെയ്യും.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് പറഞ്ഞ് പ്രതിപക്ഷവും ബിജെപിയും ഇതിനകം സര്‍ക്കാരിനെതിരെ ശക്തമായി രംഗത്ത് വന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ വിവാദം പെട്ടെന്ന് അവസാനിപ്പിക്കാനുള്ള തീരുമാനമായിരിക്കും യോഗത്തില്‍ ഉണ്ടാവുക. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ക്രമക്കേടുകള്‍ നടന്നതെന്ന് പറഞ്ഞായിരിക്കും പ്രതിരോധം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലും പന്തീരാങ്കാവ് യുഎപിഎ കേസിലും പല ഘട്ടങ്ങളിലായുണ്ടായ ആശയക്കുഴപ്പങ്ങളും ചര്‍ച്ചയാകും.