ആലപ്പുഴ : വിഴിഞ്ഞം തുറമുഖം ആരുടെ കുഞ്ഞാണെന്നതിൽ സിപിഎം തർക്കം ഉന്നയിക്കേണ്ടതില്ല അത് ‘കുഞ്ഞൂഞ്ഞിന്റെ കുഞ്ഞാണെന്ന്’ യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുറമുഖത്തിന്റെ ഉദ്ഘാടനം സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമാക്കിയതും പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് അതിൽ പങ്കെടുപ്പിച്ചതും മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള അഴിമതി ആരോപണങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണെന്നും ഹസൻ ആരോപിച്ചു.
വരവിൽ കൂടുതൽ സ്വത്തു സമ്പാദിച്ച പ്രിൻസിപ്പൽ സെക്രട്ടറിയെയും എസ്എഫ്ഐഒയുടെ എഫ്ഐആറിൽ പ്രതിയായ മകൾ വീണയെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നായിരുന്നു സമരത്തിന്റെ ആവശ്യം. ആശസമരം 80 ദിവസം പിന്നിട്ടിട്ടും ഓണറേറിയം വർധിപ്പിച്ചില്ല ഹസൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് അധ്യക്ഷനായി. കെപിസിസി സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ, രാഷ്ട്രീയകാര്യസമിതിയംഗം ജോൺസൺ അബ്രഹാം, യുഡിഎഫ് കൺവീനർ സി.കെ. ഷാജിമോഹൻ, കെപിസിസി സെക്രട്ടറിമാരായ ഇ. സമീർ, എസ്. ശരത്ത്, ബി. ബൈജു, സുനിൽ പി. ഉമ്മൻ, നെടുമുടി ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.