കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് പുതുപ്പള്ളിയിലെ പഞ്ചായത്തുകളുടെ ചുമതല വീതം വച്ചു നൽകി. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രവർത്തിക്കും. സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജെയ്ക്ക് സി.തോമസിനോട് മണർകാട് കേന്ദ്രീകരിക്കാനാണ് നിർദേശം നൽകിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സി.പി.എം അതിനിർണയകമായിട്ടാണ് കാണുന്നത്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് ചുമതലകൾ നൽകി പ്രവർത്തനങ്ങളിലേക്ക് നീങ്ങാൻ പാർട്ടി തീരുമാനമെടുത്തത്.
പുതുപ്പള്ളിയിൽ എട്ടു പഞ്ചായത്തുകളുണ്ട്. ആറിടത്തും ഭരണം ഇടതു മുന്നണിക്കാണ്. പുതുപ്പള്ളിയോടുള്ള സി.പി.എമ്മിൻ്റെ മോഹം കൂട്ടാൻ പ്രധാന കാരണം ഈ കണക്കുകൾ തന്നെയാണ്. എന്നാൽ ഉമ്മൻ ചാണ്ടി എന്ന സഹതാപ തരംഗം ആഞ്ഞടിച്ചാൽ ഈ കണക്കുകൾ കൊണ്ട് ഒരു കാര്യവും ഇല്ലെന്ന് സി.പി.എമ്മിന് നന്നായി അറിയാം. അതുണ്ടാകാതിരിക്കാൻ തന്ത്രങ്ങൾ വേഗത്തിൽ മെനയുകയാണ് സി.പി.എം. ഒപ്പം സംഘടനാപരമായി കൂടുതൽ ശക്തമാകാനുള്ള ശ്രമങ്ങളും തുടങ്ങി.