കുന്ദംകുളം : എഐ ഉപയോഗത്തിലടക്കം ചൈനയെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎമ്മിൻ്റെ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. എ ഐ ഉപയോഗത്തോടെ കുത്തക മുതലാളിത്തത്തിന്റെ ലാഭം കൂടും. ഇതോടെ പ്രതിസന്ധി വർധിക്കുമെന്നും വൈരുധ്യം കൂടുമെന്നും ജോലി നഷ്ടപ്പെടുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജനകീയ ചൈന ഇതിനേക്കാൾ മെച്ചപ്പെട്ട നിലയിലുള്ള സംവിധാനം ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. പൊതുജനത്തിന് ഉപയോഗിക്കാൻ കഴിയുന്ന വളരാൻ സാധിക്കുന്ന ഒന്നായിട്ടാണ് അവർ ഉപയോഗിക്കുന്നത്.
കുത്തക മുതലാളിമാർക്ക് ഉപയോഗിക്കാൻ കഴിയുന്ന എ ഐ സംവിധാനം അല്ല ചൈനയിലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ചൈന ബഹുദൂരം മുന്നേറുന്നുവെന്നും എം വി ഗോവിന്ദൻ പ്രശംസിച്ചു. ചൈനയ്ക്ക് നേരെ അമേരിക്ക കടന്നാക്രമണം നടത്തുകയാണ്. ഇന്ത്യയും ജപ്പാനും ഓസ്ട്രേലിയയും അതിനൊപ്പം ചേരുകയാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ ചെലവിലാണ് ഡല്‍ഹിയിൽ ബിജെപി സർക്കാർ ഉണ്ടാക്കിയത്. തൃശൂരിൽ ക്രിസ്ത്യൻ വോട്ടടക്കം ബിജെപിയ്ക്ക് അനുകൂലമായി 86,000 വോട്ടുകൾ കിട്ടി. കോൺഗ്രസിന്റെ വോട്ടാണ് ചോർന്നതെന്നും തൃശൂർ കോൺഗ്രസിൽ അതിഗുരുതര സ്ഥിതിയാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.