തിരുവനന്തപുരം: യുഡിഎഫ് വർഗീയ മുന്നണിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമി ഒരുകാലത്തും സിപിഎമ്മിനെ സഹായിച്ചിട്ടില്ല. എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചെന്ന് പറയുന്ന അഖിലഭാരത ഹിന്ദുമഹാസഭ ആരുടേതാണെന്ന് തനിക്കറിയില്ല. ആരും തന്നെ വന്നുകണ്ടിട്ടില്ല. അടിസ്ഥാനം ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ നൽകിയതിന് പിന്നാലെ സിപിഎം നേതാക്കളെ കണ്ടെന്ന വാദവുമായി അഖില ഭാരത ഹിന്ദുമഹാസഭ രംഗത്തെത്തിയിരുന്നു.
സിപിഎം പിബി അംഗം എ വിജയരാഘവനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയെന്നും അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ദത്താശ്രയ സായി സ്വരൂപനാഥ് പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ അഖില ഭാരത ഹിന്ദുമഹാസഭ എൽഡിഎഫിനെ പിന്തുണയ്ക്കുന്നുണ്ടെന്നും എം.വി ഗോവിന്ദനുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും വർഗീയതക്കെതിരായതുകൊണ്ടാണ് എൽഡിഎഫിനെ പിന്തുണയ്ക്കുന്നതെന്നും സ്വാമി ദത്താശ്രയ സായി സ്വരൂപനാഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എം.വി.ഗോവിന്ദൻ്റെ പ്രതികരണം.