കണ്ണൂര്‍ : പാര്‍ട്ടി അനുഭാവമുളള കളളക്കടത്തുകാരെ സംരക്ഷിക്കേണ്ടെന്ന് സി പി എം തീരുമാനം. കളളക്കടത്തുകാരുമായുളള ബന്ധം സ്ഥാപിക്കുന്നവരും പാര്‍ട്ടിയിലുണ്ടാകില്ലെന്ന നിലപാടാണ് സി പി എം സ്വീകരിച്ചിരിക്കുന്നത്. ആകാശ് തില്ലങ്കേരിയുടേയും അര്‍ജുന്‍ ആയങ്കിയുടേയും പാര്‍ട്ടി ബന്ധം വിവാദമായതോടെയാണ് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ സി.പി.എം ഒരുങ്ങുന്നത്.
ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുടെ കാറാണ് അര്‍ജുന്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട് സൈബറിടത്തില്‍ വ്യാപകമായ പ്രചാരണമാണ് പാര്‍ട്ടിയ്ക്കെതിരെ നടക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടിക്കകത്ത് സജീവ ചര്‍ച്ചയാണ് അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരുടെ ക്വട്ടേഷന്‍ ഇടപാടുകള്‍. പ്രത്യക്ഷത്തില്‍ ആരും പരാതിപ്പെടാത്തതുകൊണ്ട് ഇതങ്ങനെ പോകുകയായിരുന്നു.
രാമനാട്ടുകര അപകടത്തിന് ശേഷം സ്വര്‍ണക്കടത്ത് ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയാണെന്ന വിവരം പുറത്തു വന്നതിന് പിന്നാലെയാണ് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഇവരെ പേരെടുത്ത് വിമര്‍ശിച്ചുകൊണ്ട് രംഗത്തു വന്നത്. അപ്പോഴേക്കും സി പി എം പ്രാദേശിക തലത്തില്‍ വലിയ സ്വീകാര്യതയുള്ളവരായി ഇവര്‍ മാറിയിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വം ഇല്ലെങ്കിലും ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള, സൈബര്‍ ആര്‍മികളിലെ താരപരിവേഷമുള്ള ആളുകളാണ് ഇരുവരും.
സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെട്ടവരെ സി പി എം സംരക്ഷിക്കില്ലെന്ന് കണ്ണൂരില്‍ നിന്നുളള മന്ത്രിയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തെറ്റായ നിലപാടെടുക്കുന്ന ആരും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മുന്നോട്ടു പോവില്ലെന്നാണ് മന്ത്രി പറഞ്ഞത്.
കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നവര്‍ തിരുത്തണമെന്ന നിലപാടുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയതും തിരുത്തല്‍ നടപടികളുടെ ഭാഗമായാണ്. ഫാന്‍സ് ക്ലബുകാര്‍ സ്വയം പിരിഞ്ഞുപോകണമെന്നും ഡി വൈ എഫ് ഐ താഴെത്തട്ടില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളളക്കടത്തില്‍ ആകാശ്, അര്‍ജുന്‍ എന്നിവരുടെ പങ്ക് പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തമായതിന് പിന്നാലെയാണ് സി പി എം നിലപാട് കര്‍ക്കശമാക്കുന്നത്.