കൊച്ചി : ഭരണ തുടര്‍ച്ച ലക്ഷ്യം വെച്ച് സിപിഎം. മുഴുവന്‍ സമയ പ്രചാരണത്തിനിറങ്ങാന്‍ പാര്‍ട്ടിയുടെ ബൂത്ത് സെക്രട്ടറിമാര്‍ക്കു സിപിഎം. നിര്‍ദ്ദേശം. ജോലിയുള്ളവര്‍ അവധിയെടുത്ത് രംഗത്തിറങ്ങാനാണ് സംസ്ഥാന സെക്രട്ടറിയറ്റിന്റെ സര്‍ക്കുലര്‍. ഇക്കാലയളവില്‍ അലവന്‍സ് അനുവദിക്കും. അതിനുള്ള പണം അതത് ബൂത്ത് കമ്മിറ്റി കണ്ടെത്തണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഉറച്ച വോട്ടുകള്‍ക്കു പുറമേ കൂടുതല്‍ വോട്ടുകള്‍ കിട്ടുന്നതിന് 35 വീടുകള്‍ വീതം തെരഞ്ഞെടുത്ത് ഓരോ ബൂത്തുകമ്മിറ്റിയും വോട്ടര്‍മാരെ മുഖാമുഖം കാണണം. വിവിധ മേഖലകളിലുള്ളവരെ സമീപിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ മണ്ഡലം കമ്മിറ്റികള്‍ക്കു കൈമാറണം. അങ്ങനെ വോട്ടുറപ്പിക്കാനാണ് തീരുമാനം. വ്യക്തമായ പദ്ധതികള്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭരണ നേട്ടമാകണം ചര്‍ച്ച ചെയ്യേണ്ടത്. വികസനത്തിലെ മുന്നേറ്റവും വിഷയമാക്കണം.
ഒരു പാര്‍ട്ടിയംഗം 10 വീടുകളുടെ ചുമതലയാണ് വഹിക്കേണ്ടത്. വീടുകളില്‍ ലഘുലേഖകള്‍ എത്തിക്കുകയും സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിവരിക്കുകയും ചെയ്യണം. ക്ഷേമപദ്ധതികളുടെ ഗുണം ലഭിക്കാത്തവരുണ്ടെങ്കില്‍ കണ്ടെത്തി പരാതികള്‍ കുറിച്ചെടുത്ത് അതത് ബൂത്ത് കണ്‍വീനറെ ഏല്‍പ്പിക്കണം. ഓരോ ബൂത്തിലും ഇതിനായി നാലു സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ക്ഷേമ പദ്ധതികള്‍ക്ക് പിന്നില്‍ പിണറായി ആണെന്ന് ഏവരേയും ബോധ്യപ്പെടുത്തണം. ഓരോ വോട്ടും നിര്‍ണ്ണായകമാണെന്നാണ് സിപിഎം നിലപാട്. എന്നാല്‍ സാമൂഹിക പെന്‍ഷനും മറ്റും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് മറ്റൊരു നിര്‍ദ്ദേശം.
മേഖലതിരിച്ച് പാര്‍ട്ടിയുടെ വര്‍ഗബഹുജന സംഘടനകള്‍, പ്രൊഫഷണലുകള്‍, ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുടെ യോഗങ്ങള്‍ പ്രത്യേകം വിളിക്കണം. ഒരു ബൂത്തില്‍ ശരാശരി ആയിരം വോട്ടുണ്ടെന്നാണു കണക്ക്. ഒരു ബൂത്തില്‍ നാല്‍പ്പത് പാര്‍ട്ടി അംഗങ്ങളെങ്കിലും ഉണ്ടാകും. കൂടാതെ തൊഴിലുടമകളുമായി ബന്ധപ്പെട്ട് അംഗങ്ങളുടെ സാന്നിധ്യം തെരഞ്ഞെടുപ്പ് രംഗത്ത് ഉറപ്പാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. പ്രചാരണത്തിന് ഇറങ്ങാത്തവരെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ ഒഴിവാക്കാനും തീരുമാനമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാതെ മാറിനിന്നവര്‍ക്ക് നേരത്തേ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.