കോഴിക്കോട് : രണ്ട് തവണ തുടര്‍ച്ചയായി ജയിച്ചവര്‍ മത്സരിക്കേണ്ടെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തില്‍ ഇളവു തേടിയുള്ള ജില്ലാ കമ്മറ്റികളുടെ ശുപാര്‍ശയില്‍ മുഖ്യമന്ത്രി പിണറായി വിജയന് താല്‍പ്പര്യക്കുറവ്. മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കിനും ഇളവുവേണമെന്നാണ് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് മന്ത്രി എം.എം. മണിയുടെ കാര്യത്തിലും ഇതേ നിലപാടിലാണ്. ഈ മൂന്ന് പേരും മത്സരിക്കുന്നതിനോട് പിണറായിക്ക് താല്‍പ്പര്യമില്ല.
രണ്ടുതവണയില്‍ കൂടുതല്‍ മത്സരിച്ചവരുടെ പേരുകള്‍ ജില്ലാ സെക്രട്ടേറിയറ്റുകള്‍ നിര്‍ദ്ദേശിക്കേണ്ടതില്ലെന്ന് ആലപ്പുഴയിലെ യോഗത്തില്‍ സംബന്ധിച്ച സിപിഎം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ തന്നെ വ്യക്തമാക്കി. അത്തരം കാര്യങ്ങള്‍ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചോളുമെന്നും പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെ താല്‍പ്പര്യം തിരിച്ചറിഞ്ഞുള്ള വിശദീകരണമായിരുന്നു. എന്നാല്‍ ആലപ്പുഴയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഉറപ്പിക്കാനും അട്ടിമറികള്‍ പൊളിക്കാനും തോമസ് ഐസകും സുധാകരനും മത്സരിക്കണമെന്നാണ് ജില്ലാ കമ്മറ്റിയുടെ ആവശ്യം. കണ്ണൂരിലും മാനദണ്ഡം കര്‍ശനമാക്കും. മന്ത്രി ഇ.പി. ജയരാജന്‍, ജെയിംസ് മാത്യു, ടി.വി. രാജേഷ്, സി. കൃഷ്ണന്‍ എന്നിവര്‍ പിന്മാറേണ്ടിവരും. ജയരാജന്‍ സിപിഎം സെക്രട്ടറിയാകാനുള്ള സാധ്യത ഏറെയാണ്.
വ്യവസ്ഥകള്‍ അനുസരിക്കാനായി ഇനി മത്സരത്തിനില്ലെന്ന് ഇ.പി. ജയരാജന്‍ യോഗത്തില്‍ പറഞ്ഞെന്നാണ് സൂചന. മന്ത്രിമാരില്‍ ചിലര്‍ക്കുമാത്രം ഇളവുനല്‍കിയാല്‍ അത് മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കും. അതുകൊണ്ട് ഈ വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമാകും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ചേരുന്ന സംസ്ഥാന കമ്മിറ്റിയോഗം സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് അംഗീകാരം നല്‍കും. അതിനുമുമ്പു തന്നെ നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കും. കൂത്തുപറമ്പിനെ പ്രതിനിധാനം ചെയ്യുന്ന മന്ത്രി കെ.കെ. ശൈലജയുടെ പേരാണ് മട്ടന്നൂരില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചത്. കൂത്തുപറമ്പ് എല്‍.ജെ.ഡി.ക്ക് വിട്ടുനല്‍കാനാണ് സാധ്യത. എന്നാല്‍ പിണറായിക്ക് ശൈലജയെ പേരാവൂരില്‍ മത്സരിപ്പിക്കാനാണ് താല്‍പ്പര്യം. ഈ സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കാനാണ് പിണറായിയുടെ ആഗ്രഹം. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടത്ത് രണ്ടാംതവണയും ജനവിധിതേടും.
തിരഞ്ഞെടുപ്പിനുശേഷം കോടിയേരി ബാലകൃഷ്ണന്‍തന്നെ വീണ്ടും പാര്‍ട്ടി സെക്രട്ടറിപദം ഏല്‍പ്പിച്ചേക്കും. വിജയരാഘവന്‍ മത്സരത്തിന് ഇറങ്ങിയാല്‍ അതിന് മുമ്പും സെക്രട്ടറിയായി കോടിയേരി എത്താന്‍ സാധ്യതയുണ്ട്. ഇതിനൊപ്പം ജയരാജനും സെക്രട്ടറിയാകാന്‍ പരിഗണിക്കുന്ന നേതാവാണ്. അതുകൊണ്ടാണ് ഇപി മത്സരിക്കാതെ മാറി നില്‍ക്കുന്നത്. മത്സരിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍തന്നെ ഇ.പി. ജയരാജനെ സെക്രട്ടറിയായി നിയോഗിക്കുക. എ. വിജയരാഘവനെ ഇടതുമുന്നണി കണ്‍വീനറായിത്തനെ നിലനിര്‍ത്തുകയെന്ന ഫോര്‍മുല സിപിഎമ്മില്‍ സജീവമാണ്. പേരാവൂരില്‍ ശൈലജ ടീച്ചറെ മത്സരിപ്പിക്കാനാണ് നീക്കം. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് പേരാവൂര്‍. ഇവിടെ ശൈലജ മത്സരിച്ചാല്‍ ജയിക്കാമെന്നാണ് സിപിഎം കണക്കു കൂട്ടല്‍.
നേരത്തെ രണ്ട് ടേം മത്സരിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കരുതെന്ന് കേന്ദ്ര നേതൃത്വം നിലപാട് എടുത്തിരുന്നു. ലോക്സഭയിലേക്ക് മത്സരിച്ചവരേയും ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. കൂത്തുപറമ്പില്‍ എല്‍ജെഡിയുടെ കെപി മോഹനനെ തോല്‍പ്പിച്ചാണ് ശൈലജ നിയമസഭയില്‍ എത്തിയത്. എല്‍ജെഡിയുടെ ശക്തി കേന്ദ്രമാണ് ഇവിടം. ഈ സീറ്റ് എല്‍ജെഡിക്ക് നല്‍കുന്നത് ഈ സാഹചര്യത്തിലാണ്. പകരം പേരാവൂരില്‍ ശൈലജയെ മത്സരിപ്പിക്കും. തിരുവനന്തപുരത്തെ നേമത്തേക്കും ശൈലജ പരിഗണിച്ചിരുന്നു. എന്നാല്‍ പേരാവൂര്‍ അല്ലെങ്കില്‍ മലമ്പുഴ എന്ന മണ്ഡല പരിഗണനയാണ് ശൈലജയ്ക്ക് നല്‍കുന്നത്. മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനാണ് എംഎല്‍എ. അവിടെ ബിജെപിയുടെ കടുത്ത വെല്ലുവിളിയുണ്ട്. ഇത് പരിഗണിച്ചാണ് ശൈലജ മലമ്പുഴ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചന. അങ്ങനെ വന്നാല്‍ സിപിഎം സെക്രട്ടറിയായ എ വിജയരാഘവന്റെ മലമ്പുഴ മോഹം പൊളിയും.
2006ല്‍ പേരാവൂരിലെ എംഎല്‍എയായിരുന്നു ശൈലജ. 2011ല്‍ സണ്ണി ജോസഫിനോട് തോറ്റു. ആരോഗ്യമന്ത്രിയെന്ന ഗ്ലാമറില്‍ ശൈലജ പേരാവൂരില്‍ മത്സരിച്ചാല്‍ വീണ്ടും ജയിക്കാമെന്നാണ് സിപിഎം വിലയിരുത്തല്‍. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ മട്ടന്നൂര്‍ മുനിസിപ്പാലറ്റിയും, കൂടാളി, കീഴല്ലൂര്‍, കീഴൂര്‍-ചാവശ്ശേരി, തില്ലങ്കേരി, പായം, ആറളം, അയ്യങ്കുന്ന്, മുഴക്കുന്ന്, പേരാവൂര്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതായിരുന്നു പേരാവൂര്‍ നിയമസഭാമണ്ഡലം. സിപിഎം മേഖലയിലെ വോട്ട് മുഴുവന്‍ കൈക്കലാക്കി ശൈലജയെ ജയിപ്പിക്കാനാണ് ആലോചന. എന്നാല്‍ കോണ്‍ഗ്രസിന്റെ കണ്ണൂരിലെ കോട്ടകളില്‍ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ശൈലജ തോറ്റാല്‍ അത് പലവിധ ചര്‍ച്ചകള്‍ക്കും വഴിവക്കും. ഈ സാഹചര്യത്തിലാണ് മലമ്പുഴയിലെ ചര്‍ച്ചകള്‍.
സിപിഎമ്മിന്റെ ഉറച്ച മണ്ഡലമാണ് മലമ്പുഴ. കഴിഞ്ഞ തവണ ഇവിടെ ബിജെപി രണ്ടാമത് എത്തി. ഇത്തവണയും രണ്ടും കല്‍പ്പിച്ച് ബിജെപി പ്രചരണത്തില്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് ക്ലീന്‍ ഇമേജുള്ള ശൈലജയെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചന.