പാലക്കാട് : മരുതറോഡില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍.എസ്.എസ്–ബി.ജെ.പി സംഘമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കൊല നടത്തിയവരെ പ്രദേശത്തുള്ളവര്‍ക്കെല്ലാമറിയാം. മുഖ്യപ്രതികള്‍ കഞ്ചാവുവില്‍പ്പന ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവരുടെ പ്രവര്‍ത്തനങ്ങളെ ചോദ്യംചെയ്തതിന്‍റെ പേരിലാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് സംസ്ഥാനസെക്രട്ടേറിയറ്റ് ആരോപിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ഷാജഹാന്‍റെ നേതൃത്വത്തില്‍ ബോര്‍ഡ് വച്ചപ്പോള്‍ അത് മാറ്റി ശ്രീകൃഷ്ണജയന്തി ബോര്‍ഡ് സ്ഥാപിക്കാന്‍ ആര്‍എസ്എസ് സംഘം ശ്രമിച്ചു.
ഈ തര്‍ക്കത്തിനൊടുവിലാണ് ഷാജഹാനെ വെട്ടിവീഴ്ത്തിയതെന്ന് സിപിഎം ആരോപിച്ചു. നിഷ്ഠൂരമായ കൊലപാതകം നടത്തിയശേഷം ചില മാധ്യമങ്ങളുടെ സഹായത്തോടെ ആര്‍എസ്എസും ബിജെപിയും വ്യാജപ്രചരണം അഴിച്ചുവിടുകയാണെന്ന് സെക്രട്ടേറിയറ്റ് ആരോപിച്ചു. ആറുവര്‍ഷത്തിനിടെ 17 സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘങ്ങള്‍ വധിച്ചു. അതിനുശേഷമാണ് മനുഷ്യത്വഹീനമായ പ്രചാരണം നടത്തുന്നത്. സംഘപരിവാര്‍ രാഷ്ട്രീയത്തിന് സിപിഎം ആണ് കേരളത്തില്‍ മുഖ്യതടസം എന്ന് തിരിച്ചറിഞ്ഞാണ് പ്രവര്‍ത്തകരെ വേട്ടയാടുന്നത്.
സംസ്ഥാനത്ത് പുലരുന്ന സമാധാനാന്തരീക്ഷം തകര്‍ത്ത് കലാപമുണ്ടാക്കാനാണ് ശ്രമം. ഇത് തിരിച്ചറിഞ്ഞ് വ്യാജപ്രചാരണങ്ങളെ ജനം തള്ളിക്കളയുമെന്നും സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പാലക്കാട് കൊലപാതകത്തിനുപിന്നില്‍ ആര്‍എസ്എസ് ആണെന്ന ആരോപണം പോലീസ് അന്വേഷിച്ച് തെളിയിക്കട്ടെ എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെയും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെയും നിലപാട്.