തിരുവനന്തപുരം : കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ പരിധിവിട്ട പെരുമാറ്റത്തിന് മുതിര്‍ന്ന നേതാക്കളായ പി. ജയരാജനും കെ.പി. സഹദേവനും സി.പി.എം സംസ്ഥാന സമിതിയുടെ താക്കീത്. യോഗത്തില്‍ ഇരുവരും വാക്പോരില്‍ ഏര്‍പ്പെട്ടതാണ് ഇത്തരമൊരു നടപടിയിലേക്ക് സി.പി.എമ്മിനെ നയിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുനേതാക്കള്‍ക്കും നേതൃത്വം മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടയിലാണ് ജയരാജനും സഹദേവനും തമ്മിലുള്ള തര്‍ക്കം പരിധി വിട്ടത്. പ്രതികളുമായുള്ള ജയരാജന്റെ ബന്ധവും സോഷ്യല്‍ മീഡിയ വാഴ്ത്തലുകളും സഹദേവന്‍ ഉയര്‍ത്തിയതാണ് വാക്പോരില്‍ കലാശിച്ചത്. ഇരുനേതാക്കളും തമ്മിലുളള വാക്പോര് അതിരുവിട്ടതോടെ യോഗം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നിരുന്നു.
യോഗത്തിന്റെ പൊതുമര്യാദയ്ക്ക് നിരക്കാത്ത തരത്തിലുള്ള പെരുമാറ്റമാണ് ഇരു നേതാക്കളില്‍ നിന്നുണ്ടായതെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇക്കാര്യം സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.