വെഞ്ഞാറമൂട് : ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയ സി.പി.എം. ഏരിയാ കമ്മിറ്റിയംഗം ഡി.സുനിൽ പാർട്ടി നേതൃത്വത്തെ ഞെട്ടിച്ച് സി.പി.ഐ.യിൽ ചേർന്നു. നിരവധി പാർട്ടി പ്രവർത്തകർക്കൊപ്പമാണ് സി.പി.ഐ.യിൽ ചേർന്നിരിക്കുന്നത്. അംഗത്വ നടപടി പൂർത്തിയാക്കാതെ വിനോദയാത്രയ്ക്കു പോയി എന്ന കാരണം കാണിച്ചാണ് ഡി.സുനിലിനെ സി.പി.എം. തരംതാഴ്ത്തിയത്.
സംഭവത്തിനു വിശദീകരണം പോലും നൽകാതെ പാർട്ടി പ്രാദേശിക നേതൃത്വത്തിനെതിരേ അതിരൂക്ഷ വിമർശനം നടത്തിയശേഷമാണ് സുനിൽ സി.പി.ഐ. യിലേക്ക് പോയത്. ട്രേഡ് യൂണിയൻ സ്ഥാനങ്ങൾ നൽകി സുനിലിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഏത് പാർട്ടിയിൽ ചേരുമെന്ന നിലപാട് പറയാതിരുന്ന ഡി.സുനിൽ സി.പി.ഐ.യിൽ ഔദ്യോഗികമായി ചേർന്നു.
മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുൾപ്പെടെ അമ്പതോളം പേർ പാർട്ടി വിട്ടിട്ടുണ്ട്. 2011-ൽ വെഞ്ഞാറമൂട്ടിലെ സി.പി.എം. പിളർന്ന് ഒരുവിഭാഗം പാർട്ടി വിട്ട് സി.പി.ഐ.യിൽ ചേർന്നതിനുശേഷം അടുത്ത് സി.പി.എം. നേരിടുന്ന വലിയ വെല്ലുവിളിയാണ് ഡി.സുനിലിന്റെ പാർട്ടിമാറ്റം. 2011-ൽ സി.പി.എം. വിടുന്നവരെ നേരിടാനും കൊഴിഞ്ഞുപോക്ക് തടയാനും മുന്നിൽ നിന്നത് ഡി.സുനിലായിരുന്നു.
വരുംദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നാണ് ഡി.സുനിൽ പറയുന്നത്.സി.പി.ഐ. ആസ്ഥാനമായ സി.കെ.ചന്ദ്രപ്പൻ സ്മാരക ഹാളിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി.പി.ഉണ്ണികൃഷ്ണൻ പാർട്ടി പതാക കൈമാറി ഡി.സുനിലിന് അംഗത്വം നൽകി.