പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച് സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ബാങ്ക് ഭരണസമിതിയുടെ ഗുരുതരമായ ക്രമക്കേടുകളും ഫണ്ട് ദുര്‍വിനിയോഗവും നിയമ വിരുദ്ധ നിയമനങ്ങളും സംബന്ധിച്ച് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ട് നടത്തുന്ന അന്വേഷണത്തോട് സഹകരിക്കാത്ത നിലപാടാണ് ഭരണ സമിതി സ്വീകരിച്ചത്. വിവിധ പരാതികളെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണത്തോട് സഹകരിക്കാതെ അന്വേഷണത്തെ വെല്ലുവിളിക്കാനാണ് ഭരണസമിതി തയ്യാറായത്.
ഇവര്‍ നടത്തിയ അഴിമതിയും ക്രമക്കേടുകളും കണ്ടുപിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. നീതിയുക്തമായ അന്വേഷണം നടത്തി ബാങ്കിന്റെ നിലനില്‍പ്പിനെ സംരക്ഷിക്കേണ്ട ബാധ്യതയുള്ള ജോയിന്റ് രജിസ്ട്രാര്‍ സഹകരണ നിയമത്തിലുള്ള തന്റെ അധികാരം ഉപയോഗിച്ചാണ് ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ടത്. മാതൃകാപരമായ രീതിയില്‍ പ്രവര്‍ത്തിച്ച് വന്ന ബാങ്കിനെ നശിപ്പിക്കുന്ന സമീപനമാണ് സി.പി.എം ഭരണസമിതി സ്വീകരിച്ചത്. എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചാണ് സി.പി.എം 2021 ല്‍ ഭരണം പിടിച്ചത്. സി.പി.എം കള്ളവോട്ട് ചെയ്ത് അക്രമം നടത്തി പിടിച്ചെടുത്ത ബാങ്കിന്റെ അവസ്ഥ ഇന്ന് മോശമാണ്. 2026 മാര്‍ച്ചില്‍ 12 കോടി രൂപ നഷ്ടത്തിലായ ബാങ്കില്‍ 2026 ല്‍ 12 പേരെ പ്യൂണ്‍ തസ്തികയില്‍ നിയമ വിരുദ്ധമായി നിയമിച്ചു.
മാനേജര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഈ നിയമനങ്ങള്‍ നടന്നത്. യു.ഡി.എഫ് ഭരണസമിതി അധികാരം ഒഴിയുമ്പോള്‍ 226 കോടി രൂപയുണ്ടായിരുന്ന ബാങ്കിലെ നിക്ഷേപം ഇന്ന് 140 കോടിയായി കുറഞ്ഞു. കഴിഞ്ഞ 10 വര്‍ഷക്കാലം കൊണ്ട് ജില്ലയില്‍ യു.ഡി.എഫ് ഭരിച്ച 23 ബാങ്കുകള്‍ ആണ് അക്രമം നടത്തി സി.പി.എം പിടിച്ചെടുത്തത്. ഈ ബാങ്കുകള്‍ എല്ലാം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. ഇതിന് ഉത്തരവാദികളായ സി.പി.എം നേതൃത്വത്തിന് യു.ഡി.എഫ് നെ വിമര്‍ശിക്കാന്‍ അവകാശമില്ല. സ്വന്തം പരാജയം മറച്ചുവെക്കാനാണ് സി.പി.എം ജില്ലാ സെക്രട്ടറിയും നേതൃത്വവും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.































