വള്ളികുന്നം : വള്ളികുന്നത്ത് വീണ്ടും തെരുവ് നായ ആക്രമണം. പേവിഷ ബാധയുണ്ടെന്ന് സംശയിക്കുന്ന നായ കഴിഞ്ഞ ദിവസം നിരവധി നായ്ക്കളെ കടിച്ചു. വളളികുന്നം നാലാം വാർഡിൽ കൊല്ലന്റയ്യത്ത് ജംഗ്ഷന് തെക്കുവശം വിന്ധ്യാലയം ജംഗ്ഷനിലാണ് സംഭവം. ബുധനാഴ്ച രാവിലെ 7 മണിയോടെയായിരുന്നു നായയുടെ ആക്രമണത്തിന്റെ തുടക്കം. വിന്ധ്യാലയം ജംഗ്ഷനിൽ തമ്പടിച്ചിരുന്ന തെരുവുനായയുടെ അഞ്ചുനായ്ക്കുട്ടികളിലൊന്നാണ് അക്രമാസക്തയായത്. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു നായ്ക്കുട്ടിയെ അവശനിലയിൽ റോഡരികിൽ കാണപ്പെടുകയും ചെയ്തിട്ടുണ്ട്.
നായകളുടെ കുരയും പരക്കം പാച്ചിലും കാരണം ഭയന്ന നാട്ടുകാർ വിവരം പഞ്ചായത്തംഗങ്ങളെ അറിയിച്ചു. പഞ്ചായത്തംഗങ്ങളായ വിജയലക്ഷ്മി, രവീന്ദ്രനാഥ്, പഞ്ചായത്ത് പ്രസിഡന്റ് രോഹിണി എന്നിവർ നാട്ടുകാരുമായി ബന്ധപ്പെട്ട് വിവരങ്ങൾ മനസിലാക്കിയശേഷം വെറ്റിനറി ഡോക്ടറുടെ സഹായം തേടി. ചെങ്ങന്നൂരിൽ പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾക്കെത്തിയ ഡോഗ് ക്യാച്ചേഴ്സിന്റെ സഹായത്തോടെ സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം. അവശനിലയിൽ കണ്ടെത്തിയ നായ്ക്കുട്ടിയെ തിരുവല്ലയിലെ ആശുപത്രിയിലെത്തിച്ച് നിരീക്ഷണത്തിലാക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.