ജയ്പൂര്‍ : ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ വിജയം ആഘോഷമാക്കിയ അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി. രാജസ്ഥാന്‍ ഉദയ്പൂരിലെ നീരജ മോദി സ്‌കൂളില്‍ അധ്യാപികയായ നഫീസ അട്ടാരിക്കാണ് ജോലി നഷ്ടമായത്. പാകിസ്ഥാന്‍ ടീമിന്റെ ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയതാണ് സ്‌കൂള്‍ അധികൃതരെ ചൊടിപ്പിച്ചത്. ഞങ്ങള്‍ ജയിച്ചു എന്ന അടികുറിപ്പോടെയാണ് അവര്‍ ഫോട്ടോ പങ്കുവച്ചത്.
സ്റ്റാറ്റസ് കണ്ടതോടെ ഒരു കുട്ടിയുടെ രക്ഷിതാവ് പാകിസ്ഥാനെയാണോ നിങ്ങള്‍ പിന്തുണച്ചത് എന്ന് ചോദിച്ചിരുന്നു. അതെ എന്നായിരുന്നു അപ്പോള്‍ അധ്യാപികയുടെ മറുപടി. പിന്നാലെ സ്റ്റാറ്റസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തുടര്‍ന്ന് അധ്യാപികയെ പിരിച്ചുവിടുകയായിരുന്നു.
നേരത്തെ പാകിസ്ഥാന്റെ വിജയം ഇന്ത്യയില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചവരുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും വ്യക്തമാക്കിയിരുന്നു. അവരൊന്നും ഇന്ത്യക്കാരെല്ലന്നായിരുന്നു ഇരുവരുടെയും പക്ഷം. ഞായറാഴ്ച്ച ദുബായില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം 13 പന്തുകള്‍ ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാകിസ്ഥാന്‍ അടിച്ചെടുത്തു.