അഹമ്മദാബാദ് : പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐ ഗുജറാത്തില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ നീക്കമിട്ടിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഈ നീക്കം തകര്‍ത്ത ക്രൈംബ്രാഞ്ച് മൂന്ന് ഐഎസ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഭൂപേന്ദ്ര വന്‍സാര, അനില്‍ ഖാതിക്, അങ്കിത് പാല്‍ എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ അഹമ്മദാബാദ് കേന്ദ്രീകരിച്ച് ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവരികയായിരുന്നു. മൂന്ന് പേരും കലൂപൂരില്‍ കടകള്‍ക്ക് തീയിട്ട സംഭവത്തിലെ പ്രതികളാണ്.
ഈയിടെ ഗുജറാത്തില്‍ ഒരു സുപ്രധാന ഐഎസ്‌ഐ ഏജന്റ് ക്രൈംബ്രാഞ്ചിന്റെ വലയില്‍ കുടുങ്ങിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മൂന്ന് പേര്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടുകൊണ്ടിരിക്കുന്നതായി അറിഞ്ഞത്. തുടര്‍ന്ന് ഇവരെ അതിഗൂഢനീക്കത്തിലൂടെ പിടികൂടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും നിയമവിരുദ്ധ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ പ്രകാരവുമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പണത്തിന് വേണ്ടിയാണ് ഇവര്‍ ചാരസംഘടനയുടെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിക്കുന്നത്. കലൂപൂരിലെ കടകള്‍ക്ക് തീയിടുന്നതിനായി ഐഎസ്‌ഐയില്‍ നിന്നും ദുബായില്‍ നിന്നും 1.5 ലക്ഷം രൂപ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മാര്‍ച്ച് 20 നാണ് മൂന്നു പേരടങ്ങുന്ന സംഘം കടകള്‍ക്ക് തീയിട്ടത്. ഇതുമായ് ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികള്‍ അറസ്റ്റിലായത്.