ഗാസിയാബാദ് : വസുന്ധരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഭാര്യക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം. സംഭവ ശേഷം യുവാവ് വീടിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വസുന്ധര ഏരിയയിലെ സെക്ടർ 15ലെ 166-ാം നമ്പർ വീട്ടിലാണ് സംഭവം. യുവാവിന്റെ പിതാവാണ് പോലീസിൽ വിവരമറിയിച്ചതും യുവതിയെ ആശുപത്രിയിൽ എത്തിച്ചതും. പ്രതി വികാസ് മീണയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വികാസിന്റെ ഇരുകാലുകൾക്കും പരിക്കേറ്റിട്ടുണ്ട്.
മകനും മരുമകളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പിതാവ് ജഗദീഷ് മീണ പറഞ്ഞു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് മകൻ സംശയിച്ചിരുന്നു. ‘കഴിഞ്ഞ ദിവസം ഭാര്യ കാവ്യ മറ്റൊരു യുവാവിനൊപ്പം കാറിൽ പോകുന്നത് മകൻ കണ്ടു. തുടർന്ന് യുവാവിന്റെ കാറിന് നേരെ കല്ലെറിയുകയും ഭാര്യയുമായി വഴക്കിടുകയും ചെയ്തു’ – പിതാവ് കൂട്ടിച്ചേർത്തു. സംഭവവിവരത്തിന്റെ അടിസ്ഥാനത്തിൽ ലോക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഫോറൻസിക് സംഘം സംഭവസ്ഥലം പരിശോധിച്ചതായും പോലീസ് വ്യക്തമാക്കി.