കൊല്ലം: കൊല്ലം പരവൂരിൽ കടയിൽ മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് യുവതിയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കലയ്ക്കോട് സ്വദേശി അനിയാണ് പോലീസ് പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കലയ്ക്കോട് ചായക്കട നടത്തുന്ന യുവതിയുടെ കടയിൽ ഒന്നാം പ്രതിയായ സുനിൽകുമാറും അനിയും മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുക പതിവായിരുന്നു.
ഇവര്‍ കടയിൽ മദ്യപിച്ചെത്തുന്നത് യുവതി വിലക്കി. ഇതിൽ പ്രകോപിതരായ പ്രതികൾ കടയുടമയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു. പ്രതികരിച്ച യുവതിയെ ഇന്നലെ പിടിയിലായ അനി കഴുത്തിൽ കത്തി വെയ്ക്കുകയും അക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിക്കും ബന്ധുവിനും പ്രതികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഒന്നാം പ്രതിയായ സുനിൽകുമാറിനെ സംഭവ ദിവസം തന്നെ പരവൂര്‍ പോലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ അനിയെ റിമാന്‍റ് ചെയ്തു.