പത്തനംതിട്ട : യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ചവശനാക്കി വിലകൂടിയ മൊബൈൽ ഫോണും വാച്ചും മറ്റും കവർന്ന കേസിൽ രണ്ടുപ്രതികൾ കൂടി പിടിയിലായി. സെപ്റ്റംബർ നാലിനു രാത്രി തിരുവല്ല സ്വകാര്യ ബസ്സ്റ്റാന്റിന് സമീപം വച്ച് മാവേലിക്കര കണ്ണമംഗലം തട്ടാരമ്പലം മറ്റം വടക്ക് കൊച്ചുതറയിൽ അക്ഷയ് കെ സുനി (21) ലിനെ മർദ്ദിച്ചവശനാക്കി കവർച്ച ചെയ്ത കേസിലാണ് രണ്ടുപേർ കൂടി അറസ്റ്റിലായത്.
മൂന്നാം പ്രതി തിരുവല്ല കുളക്കാട് യമുനാനഗർ ദർശന വീട്ടിൽ വർഗീസിന്റെ മകൻ സ്റ്റാൻ വർഗീസ് (28), അഞ്ചാം പ്രതി കുറ്റപ്പുഴ ചുമത്ര കോഴിക്കോട്ടുപറമ്പിൽ രവിയുടെ മകൻ രൊക്കൻ എന്ന് വിളിക്കുന്ന പ്രശോബ്(22) എന്നിവരെയാണ് തിരുവല്ല പോലീസ് സാഹസികമായി പിടികൂടിയത്. ഒന്നാം പ്രതിയെ സംഭവത്തിന്റെ പിറ്റേന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റം സമ്മതിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതികൾ കവർന്നെടുത്ത അക്ഷയ് ഓടിച്ചുവന്ന ബുള്ളറ്റ് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കണ്ടെടുക്കുകയും ഒന്നാം പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇനി രണ്ടും നാലും പ്രതികളെ പിടികൂടാനുണ്ട്.
നാലിന് രാത്രി 10.30 ന് തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം വെച്ചാണ് അക്ഷയ് ഓടിച്ചുവന്ന ബുള്ളറ്റിന് മുന്നിൽ ഒന്നും രണ്ടും പ്രതികൾ സ്കൂട്ടറിലെത്തി വഴിതടഞ്ഞു മർദ്ദിച്ചത്. സ്കൂട്ടറിൽ നിന്നിറങ്ങിയ രണ്ടാം പ്രതി യുവാവിനോട് പഴ്സ് ആവശ്യപ്പെട്ടു. ബുള്ളറ്റിൽ നിന്നിറങ്ങിയ യുവാവിനെ ഇരുവരും ചേർന്ന് സ്കൂട്ടറിൽ തങ്ങളുടെ മധ്യത്തിരുത്തി തട്ടിക്കൊണ്ടുപോയി. കുറ്റപ്പുഴ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപമെത്തിയശേഷം മറ്റു പ്രതികളെ വിളിച്ചുവരുത്തി.
രണ്ടാം പ്രതി അക്ഷയ്യുടെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും 50000 രൂപ വിലവരുന്ന ഐ ഫോൺ കവർന്നു. പിന്നീട് അതിലെ ഗൂഗിൾ പാസ്സ്‌വേർഡും എ ടി എം കാർഡിന്റെ പാസ്സ്‌വേർഡും ആവശ്യപ്പെട്ടെങ്കിലും പറയാൻ വിസമ്മതിച്ചപ്പോൾ കൂട്ടം ചേർന്ന് മർദ്ദിച്ചവശനാക്കുകയും നാലാം പ്രതി 5000 രൂപയുള്ള ബോസ്സ് കമ്പനി നിർമിത വാച്ച് കൈക്കലാക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിടിച്ചുനിർത്തി കഴുത്തിലെ ഒന്നരപവൻ തൂക്കമുള്ളതും 50000 രൂപ വില വരുന്നതുമായ സ്വർണമാല പൊട്ടിച്ചെടുക്കുകയും ചെയ്തു. തടഞ്ഞപ്പോൾ മൂന്നാം പ്രതി കമ്പിവടികൊണ്ട് വലതു കൈക്കും കാലിലും അടിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കയ്യിൽ നിന്നും താഴെവീണ ബുള്ളറ്റിന്റെ താക്കോൽ ഒന്നാം പ്രതി കൈവശപ്പെടുത്തി. ശരീരം മുഴുവൻ മർദ്ദനമേറ്റ യുവാവിന്റെ മൊബൈൽ ഫോൺ, വാച്ച്, വിവിധ കാർഡുകൾ അടങ്ങിയ പഴ്സ്, ബുള്ളറ്റ്, താക്കോൽ എന്നിവ കവർന്നെടുത്തശേഷം കടന്നുകളയുകയായിരുന്നു.
അവശനായ യുവാവ് സ്റ്റേഷനിലെത്തി കാര്യങ്ങൾ ധരിപ്പിച്ചു, മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ച പോലീസ് പിറ്റേന്നുതന്നെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെതുടർന്ന് ബുള്ളറ്റ് കണ്ടെത്തുകയും പിന്നീട് സ്കൂട്ടർ തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും കണ്ടെടുക്കുകയും ചെയ്തു. സ്കൂട്ടറിൽ നിന്നും വണ്ടിയുടെ രേഖകളും കവർന്നെടുത്ത പേഴ്സും മൊബൈൽ ഫോണും കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശാനുസരണം അന്വേഷണം ഊർജ്ജിതമാക്കിയ തിരുവല്ല പോലീസ്, ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ മൂന്നാം പ്രതിയെ പന്തളം പറന്തലിൽ നിന്നും അഞ്ചാം പ്രതിയെ കുറ്റപ്പുഴ കൊട്ടാലി പാലത്തിന് സമീപത്തുനിന്നും 30 ന് രാത്രി പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ കുറ്റം ഇരുവരും സമ്മതിച്ചു. കവർന്നെടുത്ത മുതലുകൾ പ്രശോഭിനെയാണ് ഏൽപ്പിച്ചിരുന്നത്. കുറ്റപ്പുഴ റെയിൽവേ പാളത്തിന് സമീപം കുട്ടിക്കാട്ടിൽ നിന്നും കമ്പിവടി സ്റ്റാൻ വർഗീസ് ആണ് പോലീസ് സംഘത്തിന് എടുത്തുകൊടുത്തത്.കുറ്റപ്പുഴ റെയിൽവേ പുറംപോക്കിൽ ഒരു വാഴയുടെ ചുവട്ടിൽ കുഴിച്ചിട്ട നിലയിലായിരുന്നു മോഷണമുതലുകൾ. ഒരു മഞ്ഞ നിറത്തിലുള്ള ഫയലിനുള്ളിൽ മൊബൈൽ ഫോൺ, സിം കാർഡ്, വാച്ച്, ബുള്ളറ്റിന്റെ താക്കോൽ, പാൻ കാർഡ്, ആധാർ കാർഡ്, ലൈസൻസ് എന്നിവ അടങ്ങിയ പേഴ്സും കണ്ടെടുത്തു. പ്രശോഭിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ കവർന്ന സ്വർണമാല ചുമത്ര തൊപ്പിന് മല കുറ്റിത്തറയിൽ വീട്ടിൽ വേണുവിന്റെ മകൻ രാഹുലിന്റെ പക്കൽ നിന്നും പോലീസ് കണ്ടെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മൂന്നാം പ്രതി കൊടും കുറ്റവാളി, കാപ്പ വ്യവസ്ഥകൾ ലംഘിച്ചയാൾ
യുവാവിനെ മർദ്ദിച്ചവശനാക്കി കവർച്ച നടത്തിയ സംഘത്തിലെ സ്റ്റാൻ വർഗീസ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ വ്യവസ്ഥകൾ ലംഘിച്ച് തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്നയാളുമാണ്. ഇയാൾ നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുകയും പൊതുജനത്തിന്റെ സമാധാനജീവിതത്തിന് ഭംഗം വരുത്തുകയും സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ഈവർഷം ഏപ്രിൽ 25 ന് ജില്ലയിൽ കടക്കുന്നതിൽ നിന്ന് ഇയാളെ വിലക്കി ഉത്തരവായിരുന്നു. എന്നാൽ വ്യവസ്ഥകൾ ലംഘിച്ച ഇയാൾ വീണ്ടും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട സാഹചര്യത്തിൽ കർശനമായ അനന്തര നിയമന ടപടികൾക്കൊരുങ്ങുകയാണ് പോലീസ്.
ഇയാൾ തിരുവല്ല പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട ക്രിമിനലാണ്. തിരുവല്ല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എട്ടു കേസുകളിലും കോയിപ്രത്തെ ഒരു കേസിലും പ്രതിയാണ് സ്റ്റാൻ വർഗീസ്. 2016 മുതൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന ഇയാൾക്കെതിരെ അടിപിടി, വീടുകയറി ആക്രമണം, സംഘം ചേർന്നുള്ള ആക്രമണം, ആയുധങ്ങളുമായി ആക്രമിക്കൽ, കൊലപാതകശ്രമം, മോഷണം, കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമം തുടങ്ങിയ കേസുക്കളാണ് ഉള്ളത്. കർശനമായ നിയമനടപടികൾക്ക് ജില്ലാ പോലീസ് മേധാവി തിരുവല്ല പോലീസിന് നിർദേശം നൽകി.