തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരായ ഗുണ്ടാനേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. നിരവധി കേസുകളില്‍ പ്രതിയും ഗുണ്ടാനേതാവുമായ തീക്കാറ്റ് സാജന്‍ എന്ന് വിളിക്കുന്ന സാജന്റെ നേതൃത്വത്തിലാണ് രണ്ടു കൈകളും ഇല്ലാത്ത കടവി രഞ്ജിത്തിനെയും ഒപ്പമുള്ളവരെയും ആക്രമിച്ചത്.
രണ്ട് ബ്ലോക്കുകളില്‍ കഴിയുന്നവരാണ് രണ്ട് ടീമും. ദിവസങ്ങളായി കടവിയും സാജനും തമ്മില്‍ വൈരാഗ്യം നിലനില്‍ക്കുന്നുണ്ട്. പരിഹസിക്കുന്നുവെന്നതിന്റെ പേരില്‍ ഇടയ്ക്ക് ഇരുവരും കൊമ്പ് കോര്‍ക്കുകയും ചെയ്തിരുന്നു. സാജന്‍ കൈയിലിരുന്ന സ്പൂണ്‍ ഉപയോഗിച്ച് കടവിയെ ആക്രമിച്ചു. കൈകളില്ലാത്ത കടവിക്ക് തടഞ്ഞുനില്‍ക്കാനായില്ല.
ചെവിക്ക് പിറകില്‍ പരിക്കേറ്റ കടവി രഞ്ജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയ്ക്ക് ശേഷം ജയിലിലെത്തിച്ചു. പിന്നീട് കടവി രഞ്ജിത്തിനെയും സഹായി മിഥുനെയും അതിസുരക്ഷാ ജയിലിലേക്കും സാജനെയും സഹതടവുകാരനെയും എറണാകുളം ജില്ലാ ജയിലിലേക്കും മാറ്റുകയായിരുന്നു. പോലീസിനെ അടക്കം ആക്രമിച്ച കേസുകളുണ്ട് കടവി രഞ്ജിത്തിന്റെ പേരില്‍. വിയ്യൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.