ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ രണ്ടാംഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ജി.ഡി.പി വലിയ തകര്‍ച്ച നേരിട്ടതാണ് രണ്ടാംഘട്ട പാക്കേജിലേക്ക് കടക്കാന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിച്ചതെന്നാണ് സൂചന.
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം, നിര്‍മ്മാണമേഖല എന്നിവയ്ക്കായും പാക്കേജില്‍ പ്രാധാന്യം നല്‍കുകയെന്നാണ് വിവരം. നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതികളുമുണ്ടാകും. തൊഴിലുറപ്പ് പദ്ധതിയുടേതിന് സമാനമായിട്ടായിരിക്കും പദ്ധതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
സ്വദേശത്തേയ്‌ക്ക് മടങ്ങിയ ഇതരസംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്താന്‍ നഗരങ്ങളിലെ തൊഴിലവസരം പ്രയോജനപ്പെടുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടല്‍. നിര്‍മ്മാണ തൊഴില്‍ മേഖലയില്‍ മാത്രം 65 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ജോലി ലഭ്യമാകുമെന്നാണ് കരുതുന്നത്. കൊവിഡ് വ്യാപനംമൂലമുള്ള തളര്‍ച്ചയില്‍ നിന്ന് രാജ്യം വിമുക്തമായാല്‍ വികസനത്തിനുള്ള സാദ്ധ്യതകളുണ്ടാകും.
അടിസ്ഥാന സൗകര്യം, നിര്‍മ്മാണ മേഖല എന്നിവ കേന്ദ്രീകരിച്ച് പ്രഖ്യാപനങ്ങള്‍ കൂടിവരുമ്പോള്‍ സമ്പദ്ഘടനയില്‍ ഉണര്‍വ് പ്രകടമാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. ഉപഭോഗം വര്‍ദ്ധിക്കുകയും അതിലൂടെ തൊഴിലവസരങ്ങല്‍ ഉണ്ടാവുകയും ചെയ്യും. അതിന്റെ സാദ്ധ്യതകള്‍ തേടിയുള്ള നിക്ഷേപമാകും കേന്ദ്രം പ്രഖ്യാപിക്കുന്ന രണ്ടാംഘട്ട ഉത്തേജക പാക്കേജിലുണ്ടാവുകയെന്നാണ് സൂചന. ശമ്പളമില്ലാത്ത ഇടത്തരക്കാര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും പാക്കേജില്‍ ഇടം ലഭിക്കും.
കഴിഞ്ഞ മേയിലാണ് കേന്ദ്രസര്‍ക്കാര്‍ 20,00,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് കാര്യമായ പ്രതിഫലനമുണ്ടാക്കിയില്ല എന്ന വിലയിരുത്തലാണ് നിലവിലുള്ളത്. സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച സംബന്ധിച്ചുള്ള കണക്കുകളില്‍ മൊത്ത ആഭ്യന്തര ഉത്‌പാദനത്തില്‍ വലിയ തകര്‍ച്ചയാണ് ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ആദ്യ ഇരുപത് സാമ്പത്തിക ശക്തികളില്‍ വലിയ തകര്‍ച്ച രാജ്യം നേരിടുമ്പോഴാണ് രണ്ടാം ഉത്തേജിക പാക്കേജ് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്.