ഇടുക്കി: മൂലമറ്റം ക്രിസ്റ്റല്‍ ഗ്രൂപ്പ് സ്ഥാപനത്തിലെ ജീവനക്കാര്‍ ഇന്ന് ജില്ലാ പോലീസ് മേധാവിയെ നേരില്‍ കണ്ട് പരാതി നല്‍കും. സ്ഥാപനത്തിന്റെ യഥാര്‍ത്ഥ ഉടമ വണ്ണപ്പുറം സ്വദേശി അഭിജിത്ത് നായരെ കണ്ടെത്തണമെന്ന് അവശ്യപ്പെട്ടാണ് പരാതി നല്‍കുക. കോടികള്‍ തിരിമറി നടത്തിയ ഇയാള്‍ മുങ്ങിയിരിക്കുകയാണ്. നിലവില്‍ പണം നഷ്ടമായ നിക്ഷേപകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ അന്വേഷണം. കാഞ്ഞാര്‍ സ്റ്റേഷന് പുറമെ മറ്റ് 4 സ്റ്റേഷനുകളില്‍ സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ട്.
അഭിജിത് നായര്‍ തിരുവനന്തപുരം ജില്ലയില്‍ ഉണ്ടെന്നാണ് സ്ഥാപനവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. വിവിധ സ്റ്റേഷനുകളില്‍ പരാതി ഉണ്ടെങ്കിലും ഉടമയെ കണ്ടെത്താന്‍ പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതിന്റെയടിസ്ഥാനത്തിലാണ് ജില്ല പോലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കാനുള്ള തീരുമാനം.
ഇതിനിടെ മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ സ്ഥാപനവും വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് സൂചന. നിക്ഷേപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും ലഭിക്കുന്ന വിവരം അത്ര ശുഭകരമല്ല. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണ്ടായ തിരിച്ചടി സ്ഥാപനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് കരുതാം. വാഹന ഫിനാന്‍സിലും സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.