യുവേഫ നേഷൻസ് ലീഗിൽ കരുത്തരായ പോർചുഗലും ജർമനിയും സെമിയിൽ. ഡെന്മാർക്കിനെ ഇരുപാദങ്ങളിലുമായി 5-2 എന്ന സ്കോറിന് വീഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും അവസാന നാലിൽ എത്തിയത്. ആദ്യപാദത്തിലേറ്റ ഒരു ഗോൾ തോൽവിയുടെ ക്ഷീണം സ്വന്തം ആരാധകർക്കു മുന്നിൽ പറങ്കിപ്പട തീർത്തു. നിശ്ചിത സമയം 3-2 എന്ന സ്കോറിൽ അവസാനിച്ചതോടെ ഇരുപാദങ്ങളിലുമായി സ്കോർ 3-3. അധിക സമയത്ത് രണ്ടു ഗോൾ നേടിയാണ് പോർചുഗൽ ജയം പിടിച്ചത്. 38ാം മിനിറ്റിൽ ജോക്കിം ആൻഡേഴ്സന്റെ സെൽഫ് ഗോളിലൂടെ പോർചുഗലാണ് ലീഡെടുത്തത്.
56-ാം മിനിറ്റിൽ റാസ്മസ് ക്രിസ്റ്റെൻസണിലൂടെ ഡെൻമാർക്ക് തിരിച്ചടിച്ചു. തുടക്കത്തിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും ക്രിസ്റ്റ്യാനോ 72ാം മിനിറ്റിൽ വല കുലുക്കി. 76ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സണിലൂടെ ഡെൻമാർക്കിന് വീണ്ടും ഒപ്പമെത്തി. അഗ്രിഗേറ്റിൽ ഡെന്മാർക്ക് ഒരു ഗോളിനു മുന്നിൽ. നിശ്ചിത സമയം അവസാനിക്കാൻ നാലു മിനിറ്റ് ബാക്കി നിൽക്കെ ഫ്രാൻസിസ്കോ ട്രിങ്കാവോയിലൂടെ പോർചുഗൾ ഒരു ഗോൾ മടക്കി. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഇരുപാദങ്ങളിലുമായി സ്കോർ 3-3. അധിക സമയത്തിന്‍റെ ആദ്യ മിനിറ്റിൽ തന്നെ ട്രിങ്കാവോ വീണ്ടും രക്ഷകനായി. 115ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഗൊൺസാലോ റാമോസ് പോർച്ചുഗലിന്റെ അഞ്ചാം ഗോൾ നേടി വിജയം ഉറപ്പിച്ചു.