വെള്ളിയാഴ്ച സൗദി പ്രോ ലീഗിൽ അൽ ഇത്തിഫാഖിനെതിരെ നടന്ന കളിയിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മറ്റൊരു കിടിലൻ പ്രകടനം കണ്ടത്. റോണോ ഗോളും അസിസ്റ്റുമായി തിളങ്ങിയ കളിയിൽ അൽ നസർ എഫ്സി 3-1 ന് വിജയിക്കുകയും ചെയ്തു. അലക്സ് ടെല്ലസായിരുന്നു ഈ മത്സരത്തിൽ അൽ നസറിന്റെ ഗോളടി തുടങ്ങിവെച്ചത്. പിന്നാലെ മാഴ്സലോ ബ്രോസോവിച്ചും വല കുലുക്കി. കളിയുടെ എഴുപത്തിമൂന്നാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ. അതേ സമയം അൽ ഇത്തിഫാഖിനെതിരെ നേടിയ ഗോളും അസിസ്റ്റും ഒരു കിടിലൻ നേട്ടത്തിൽ ഒറ്റയ്ക്ക് ഒന്നാമതെത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സഹായിച്ചു.
നിലവിൽ 2023-24 സീസൺ സൗദി പ്രോ ലീഗിൽ കൂടുതൽ ഗോൾ നേടിയ കളിക്കാരിലും കൂടുതൽ അസിസ്റ്റുകൾ നൽകിയവരിലും ഒറ്റയ്ക്ക് ഒന്നാമത് എന്ന കിടിലൻ നേട്ടമാണ് ഈ പോർച്ചുഗീസ് സൂപ്പർ താരത്തിന് സ്വന്തമായത്. 2023-24 സീസൺ സൗദി പ്രോ ലീഗിൽ 16 കളികളിൽ നിന്ന് 17 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിരിക്കുന്നത്. അൽ ഇത്തിഫാഖിനെതിരായ കളിക്ക് മുൻപ്, 16 ഗോളുമായി അലക്സാണ്ടർ മിട്രോവിവിച്ചിനൊപ്പം ഗോൾവേട്ടയിൽ ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. എന്നാൽ അൽ ഇത്തിഫാഖിനെതിരെ തന്റെ ടീമിന്റെ മൂന്നാം ഗോൾ നേടിയതോടെ റോണാൾഡോ ഒറ്റയ്ക്ക് ഗോൾപട്ടികയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.