കൊച്ചി : എറണാകുളം ജില്ലാ നിർമ്മിതി കേന്ദ്രത്തിനെതിരെ പരാതിയുമായി എഞ്ചിനീയറായ ശാരിക പി എസ്. നിർണായക ഫയലുകൾ ഡിലീറ്റ് ചെയ്തതായാണ് പരാതി. ക്രമക്കേട് കണ്ടുപിടിച്ച എഞ്ചിനീയറുടെ നോട്ടുകളാണ് ഡിലീറ്റ് ചെയ്തത്. ഡിഡിഎഫ്എസ് എന്ന ആപ്ലിക്കേഷനിൽ നിന്ന് ഡിലീറ്റ് ചെയ്‌തെന്നാണ് പരാതി. കെട്ടിടത്തിൽ പിഡബ്ല്യുഡി ബിൽഡിംഗ് വിഭാഗം പരിശോധന നടത്തി. ഫയലുകളൊന്നും മിസ് ആവാതിരിക്കാനാണ് ഇ-ഓഫീസ് എന്ന സംവിധാനം സർക്കാർ കൊണ്ടുവന്നത്. അതിൽ നിന്ന് ഒരു ഫയലാണ് മിസായിരിക്കുന്നതെന്ന് ശാരിക പറഞ്ഞു. ചേന്ദമംഗലം വില്ലേജ് ഓഫീസ് നിർമാണത്തിൽ ക്രമക്കേട് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള നോട്ടുകളാണ് അപ്രത്യക്ഷമായത്.
ക്രമക്കേട് സംഭവിച്ചെന്ന് വ്യക്തമാക്കുന്ന വാർത്തയെ ശരിവെച്ചുകൊണ്ടായിരുന്നു സബ് കളക്ടറുടെ റിപ്പോർട്ട്. ഫോർട്ട് കൊച്ചി സബ് കളക്ടർ എറണാകുളം ജില്ലാ കളക്ടർക്കാണ് റിപ്പോർട്ട് നൽകിയിരുന്നത്. വിഷയത്തിൽ വിശദമായ പരിശോധന വേണമെന്നായിരുന്നു ശുപാർശ. വില്ലേജ് ഓഫീസിൽ ക്രമക്കേട് നടന്നത് സംബന്ധിച്ച് അന്വേഷണം നടത്താനും നിർദേശം നൽകിയിരുന്നു. നിർമാണത്തിലിക്കെ തന്നെ വില്ലേജ് ഓഫീസ് കെട്ടിടത്തിന് വിള്ളൽ വീണിരുന്നു. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ഉദ്ഘാടനം നടത്താനിരുന്ന കെട്ടിടത്തിനാണ് വിള്ളൽ വീണത്.
44 ലക്ഷം രൂപ മുടക്കി 1600 സ്ക്വയർ ഫീറ്റിലാണ് കെട്ടിടം നിർമിച്ചത്. എന്നാൽ നിർമാണത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ക്രമക്കേട് സംബന്ധിച്ച വിവരം ലഭിക്കുന്നത്. അന്ന് നിർമാണത്തിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് എഞ്ചിനീയർ പി എസ് ശാരിക വില്ലേജ് ഓഫീസ് നിർമാണത്തിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി കണ്ടെത്തുകയായിരുന്നു. ആവശ്യത്തിന് കമ്പി ഇട്ടിട്ടില്ലെന്നും കൃത്യമായ സിമന്റ് അല്ല ഉപയോഗിച്ചതെന്നും ആദ്യഘട്ട നിർമാണത്തിൽ പാലിക്കേണ്ടിയിരുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നുമായിരുന്നു പരാതി.