കണ്ണൂർ: ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍ ഷിനോസിന്‍റെ ഫോണിൽനിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളാണ് ലഭിച്ചത്. വിശദ പരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി.
മറ്റു പ്രതികളെ കണ്ടത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് അന്വേഷണസംഘം. അക്രമികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന മൂന്നു ഇരുചക്ര വാഹനങ്ങള്‍ പൊലീസ് കണ്ടെത്തി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകൻ കെ. ഷിനോസ് മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. ഷിനോദിനെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികളെ രണ്ടു ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്തേക്കും.